തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പില്‍ പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്കെതിരെ നടപടിക്ക് നിർദ്ദേശം. ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതുഭരണ അഡി. സെക്രട്ടറി നിർദ്ദേശിച്ചു. അനധികൃതമായി വാങ്ങിയ പെൻഷൻ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും പൊതുഭരണ അഡി. സെക്രട്ടറി സെക്രട്ടറി നിർദ്ദേശം നല്‍കി.
സംഭവത്തില്‍ ഉന്നതരെ തൊടാതെയാണ് വകുപ്പുകളുടെ നീക്കമെന്ന ആക്ഷേപം ശക്തമാണ്.
ഇതുവരെ നടപടി എടുത്തതും നടപടിക്ക് ശുപാർശയും താഴെ തട്ടിലെ ജീവനക്കാർക്കെതിരെ മാത്രമാണ്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്ന ധനവകുപ്പ് കണ്ടെത്തൽ. ഗസറ്റഡ് ഉദ്യോഗസ്ഥന്മാരടക്കമായിരുന്നു പട്ടികയിലുണ്ടായിരുന്നത്. ഇവരുടെ പേരുവിവരങ്ങൾ ധനവകുപ്പ് ഇതുവരെ പുറത്തുവിട്ടിരുന്നില്ല. അതാത് വകുപ്പുകളോട് നടപടിക്ക് നിർദ്ദേശിക്കുകയായിരുന്നു.
സർവ്വീസിലിരിക്കെ പെൻഷൻ കൈപ്പറ്റിയവർ ഏറ്റവും കൂടുതലുള്ളതും ഉന്നത ഉദ്യോഗസ്ഥരുള്ളതും പൊതുവിദ്യാഭ്യാസവകുപ്പിലും കോളേജ് എഡുക്കേഷൻ വകുപ്പിലും ആരോഗ്യവകുപ്പിലുമാണ്.
തട്ടിപ്പില്‍ ആദ്യ നടപടിയായി മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. വടകരയിലെ മണ്ണ് സംരക്ഷണ ഓഫീസിലെ വർക്ക് സൂപ്രണ്ട് നസീ , കാസർക്കോട് ഓഫീസിലെ അറ്റൻഡൻ്റ് സാജിത കെഎ, പത്തനംതിട്ട ഓഫീസിലെ പാർട്ട് ടൈം ഓഫീസർ ഷീജാകുമാരി ജി, മീനങ്ങാടി ഓഫീസിലെ പാർട്ട് ടൈം സ്വീപ്പർമാരായ ഭാർഗ്ഗവി പി, ലീല കെ, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബിലെ പാർട്ട് ടൈം സ്വീപ്പർ രജനി ജെ എന്നിവരെയാണ് ഇന്നലെ സസ്പെൻ്റ് ചെയ്തത്.
ഇവരിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനും ഉത്തരവുണ്ട്. കൃഷിമന്ത്രിയുടെ നിർദ്ദേശത്തിലാണ് നടപടി.