നടൻ അല്ലു അർജുന്റെ അറസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടയിൽ, താരത്തിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ. ‘ക്ഷണാക്ഷണം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി ശ്രീദേവിയെ കാണാനെത്തിയ മൂന്ന് ആരാധകർക്ക് ജീവിൻ നഷ്ടപ്പെട്ടിരുന്നുവെന്നും, ശ്രീദേവിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് സ്വർഗത്തിൽ പോകുമോ എന്നും സംവിധായകൻ ചോദിച്ചു.
എല്ലാ സിനിമ താരങ്ങളും അല്ലുവിന്റെ അറസ്റ്റിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ സംവിധായകൻ ആവശ്യപ്പെട്ടു. ‘ഫിലിം സ്റ്റാറോ രാഷ്ട്രീയക്കാരനോ ആകട്ടെ, അവർ ജനപ്രിയരാകുന്നത് അവരുടെ കുറ്റമാണോ? ക്ഷണാ ക്ഷണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ശ്രീദേവിയെ കാണാന്‍ ലക്ഷകണക്കിന് ആളുകള്‍ എത്തിയികുന്നു. തിരക്കില്‍ മൂന്നുപേര്‍ മരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ തെലങ്കാന പൊലീസ് ശ്രീദേവിയെ സ്വര്‍ഗത്തില്‍ പോയി അറസ്റ്റ് ചെയ്യുമോ,’ രാം ഗോപാൽ വർമ ചോദിച്ചു.
പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ കഴിഞ്ഞ ആഴ്ചയാണ് നടൻ അല്ലു അർജുനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മനപ്പൂർവമാല്ലാത്ത നരഹത്യ കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുമോ എന്ന നിരീക്ഷണത്തിൽ അന്ന് വൈകീട്ട് തന്നെ അല്ലു അർജുന് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം ലഭിച്ച ശേഷവും ഒരു ദിവസം ജയിലിൽ തുടർന്ന ശേഷമായിരുന്നു താരം മോചിതമായത്.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ വെച്ചാണ് ദാരുണമായ അപകടമുണ്ടായത്. പുഷ്പ 2: ദ റൂൾ എന്ന സിനിമയുടെ പ്രദർശനത്തിൽ അല്ലു അർജുൻ പങ്കെടുത്തിരുന്നു. സഹനടി രശ്മിക മന്ദാനയ്ക്കും ഭാര്യ സ്നേഹ റെഡ്ഡിക്കുമൊപ്പമുള്ള അദ്ദേഹത്തിൻറെ സന്ദർശനം മൂലം ഉണ്ടായ തിക്കിലും തിരക്കിലുമാണ് സ്ത്രീ ആരാധിക മരണപ്പെട്ടത്. ഈ സംഭവത്തിൽ പിന്നീട് അല്ലു അർജുൻ അടക്കം ചിത്രത്തിൻറെ അണിയറക്കാർ മാപ്പ് പറഞ്ഞിരുന്നു