കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
ഡിസംബർ 12 -ാം തിയതിയാണ് കേസ് തുറന്ന കോടതിയിൽ വാദം നടത്തണമെന്ന ആവശ്യം വിചാരണ കോടതിയിൽ നടി ഉന്നയിച്ചത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത വിചാരണക്കോടതിയിൽ ഹർജി നൽകിയിരുന്നു.
വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹർജിയിൽ ആവശ്യമുന്നയിച്ചത്. ശരിയായ വിവരങ്ങൾ പുറത്തറിയുന്നതിൽ തനിക്ക് പ്രശ്നമില്ലെന്നും നടി പറഞ്ഞു.
കേസിൽ അതിജീവിത രാഷ്ട്രപതിക്കും കത്തയച്ചിരുന്നു. തന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ടാണ് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുമ്പോഴാണ് അതിജീവിത രാഷ്ട്രപതിക്ക് പരാതി നൽകിയത്.
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. കേസിൽ 2018 മാർച്ച് എട്ടിന് ആരംഭിച്ച വിചാരണയാണ് അന്തിമ ഘട്ടത്തിലേക്കു കടക്കുന്നത്. വാദം പൂർത്തിയായാൽ കേസ് വിധി പറയുന്നതിനായി മാറ്റും. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. നടൻ ദിലീപ് കേസിൽ എട്ടാം പ്രതിയാണ്.