ടാക്സി ഡ്രൈവര്‍മാരില്‍ നിന്നുണ്ടാകുന്ന ദുരനുഭവങ്ങള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ടാക്സിയുടെ മോശം അവസ്ഥയും കൂടുതല്‍ തുക ഈടാക്കുന്നതും എല്ലാം അതില്‍ പെടും. എന്തായാലും ഓണ്‍ലൈന്‍ ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്തപ്പോഴുണ്ടായ ദുരനുഭവമാണ് ഇപ്പോള്‍ ഒരു യുവതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
റാപ്പിഡോ ടാക്സിയാണ് യുവതി ബുക്ക് ചെയ്തത്. മുംബൈയില്‍ നിന്നുള്ള ടെക്കിയായ യുവതിയാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഡ്രൈവര്‍ അവളോട് അധികം പണം തരേണ്ടി വരും എന്ന് അറിയിക്കുകയായിരുന്നു. അത് പറ്റില്ല എന്ന് പറഞ്ഞതോടെ ഡ്രൈവര്‍ യുവതിയോട് മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഓഷിന്‍ ഭട്ട് എന്ന യുവതിയാണ് എക്സില്‍ (ട്വിറ്ററില്‍) തനിക്ക് ടാക്സി ഡ്രൈവറില്‍ നിന്നും ലഭിച്ച മോശം മെസ്സേജുകളുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചിരിക്കുന്നത്. റാപ്പിഡോയുടെ എക്കണോമി കാറ്റ?ഗറിയിലാണ് ഓഷിന്‍ കാബ് ബുക്ക് ചെയ്തത്. എന്നാല്‍, അവള്‍ക്ക് കിട്ടിയത് ഒരു പ്രീമിയം വെഹിക്കിള്‍ ആയിരുന്നു. സെഡാന് ആയിരുന്നു അത്. ഡ്രൈവര്‍ തന്റെ സെഡാന് കൂടുതല്‍ ഓട്ടം കിട്ടുന്നതിനായി എക്കോണമി കാറ്റ?ഗറിയിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍, വാഹനം സെഡാനാണ് എന്ന് പറഞ്ഞുകൊണ്ട് അയാള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടു.
കൂടുതല്‍ പണം തരില്ല എന്ന് ഓഷിന്‍ ഉറപ്പിച്ച് പറഞ്ഞു. അതോടെ ഡ്രൈവര്‍ യുവതിയോട് റൈഡ് കാന്‍സല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. ‘കാന്‍സല്‍ ചെയ്തില്ലെങ്കില്‍ നിന്നെ ഞാന്‍ തല്ലും’ എന്നാണ് പറഞ്ഞത്. അവിടം കൊണ്ടും തീര്‍ന്നില്ല, ‘യാചകന്റെ മകള്‍’ എന്ന് യുവതിയെ വിളിക്കുകയും ചെയ്തു. ‘നടന്നു പോയാല്‍ മതി’ എന്നും ഇയാള്‍ യുവതിക്ക് മെസ്സേജ് അയച്ചു.
യുവതി തന്റെ അനുഭവം പങ്കുവച്ചതോടെ റാപ്പിഡോയും അതിനോട് പ്രതികരിച്ചു. ഈ പ്രശ്നത്തില്‍ എത്രയും വേ?ഗം ഒരു പരിഹാരം കാണും എന്നാണ് റാപ്പിഡോ പ്രതികരിച്ചത്. യുവതിയുടെ പോസ്റ്റ് വൈറലായി മാറി. നിരവധിപ്പേരാണ് യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് ആശങ്കകള്‍ പങ്കുവച്ചത്.