ന്യൂഡല്‍ഹി: ഉപയോഗിച്ച വാഹനങ്ങള്‍ കമ്പനികള്‍ വില്‍പ്പന നടത്തുമ്പോള്‍ ചുമത്തുന്ന ജി.എസ്.ടി 18 ശതമാനമായി ഉയര്‍ത്തും. നിലവില്‍ ഇത് 12 ശതമാനമാണ്. പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് എല്ലാ വാഹനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ഉപയോഗിച്ച ഇലക്ട്രിക് വാഹനങ്ങള്‍ വ്യക്തികള്‍ വില്‍പ്പന നടത്തുകയാണെങ്കില്‍ ജി.എസ്.ടി ഉണ്ടാവില്ല. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ ജി.എസ്.ടി അഞ്ച് ശതമാനമാണ്.
സ്വിഗ്ഗിയും സൊമാറ്റോയും പോലെയുള്ള ഭക്ഷണ വിതരണ ആപ്പുകളുടെ ജി.എസ്.ടി സംബന്ധിച്ച് യോഗം തീരുമാനമെടുത്തില്ല. ഹെല്‍ത്ത്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയുടെ ജി.എസ്.ടി കുറയ്ക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇന്‍ഷുറന്‍സ് റഗുലേറ്ററി അതോറിറ്റിയില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍ കാലതാമസമുണ്ടാകും എന്നതിനാലാണിത്. വ്യോമയാന ഇന്ധനം (എ.ടി.എഫ്) ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
എ.സി.സി ബ്ലോക്കുകള്‍ക്ക് 50 ശതമാനവും ഫ്ളൈ ആഷിന് 12 ശതമാനവും ജി.എസ്.ടി ചുമത്തും. ജീന്‍ തെറാപ്പിയെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കി.
ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ നികുതി കുറച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ക്കുള്ള ജി.എസ്.ടി നിരക്ക് 18 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കൗണ്‍സിലിന്റെ അജണ്ടയില്‍ ഉണ്ടായിരുന്ന പ്രധാന ഇനങ്ങളിലൊന്നായിരുന്നു ആരോഗ്യ, ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ ജിഎസ്ടി നിരക്ക് തീരുമാനിക്കുകയെന്നത്.
ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമിതിയുടെ നവംബറിലെ യോഗത്തില്‍ ടേം ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയത്തിന് ജി.എസ്.ടി ഒഴിവാക്കുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. മുതിര്‍ന്ന പൗരന്മാരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയത്തെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കാനും നിര്‍ദേശിച്ചിരുന്നു. അഞ്ച് ലക്ഷം രൂപവരെയുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയവും നികുതി വിമുക്തമാക്കിയേക്കും എന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.