
മുംബൈയില്‍ 27 നിലകളുള്ളതാണ് വ്യവസായ ഭീമന് മുകേഷ് അംബാനിയുടെ വീട്. ആഡംബരങ്ങളുടെ അവസാന വാക്കെന്ന് വിശേഷിക്കപ്പെടുന്ന രമ്യഹര്‍മ്യം. 173 മീറ്ററാണ് ഉയരം. നാല്‍പ്പതിനായിരത്തോളം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ഈ സമുച്ചയം. ലോകത്തെ ഏറ്റവും വിലകൂടിയ വീടുകളിലൊന്നാണിത്. 6 നിലകള്‍ പാര്‍ക്കിങ്ങിന്. സമുച്ചയത്തില്‍ രണ്ട് ഹെലിപ്പാഡുകളും.
വിവിധ രീതിയില്‍ സ്വിമ്മിങ് പൂളുകള്‍, ഡാന്‍സ്-യോഗ സ്റ്റുഡിയോ, 9 ലിഫ്റ്റുകള്‍, 200 കോടി രൂപയാണ് ആകെ നിര്‍മ്മാണ ചെലവ്. 600 ജീവനക്കാരാണ് ഈ സൗധത്തെ പരിചരിക്കുന്നത്. 6 വര്‍ഷമെടുത്തായിരുന്നു നിര്‍മ്മാണം. ഇത്ര വലിപ്പത്തിലൊരു വീടൊരുക്കുമ്പോള്‍ മുകേഷ് അംബാനിക്ക് അത്രയും വേറിട്ടതും മൂല്യവത്തായതുമായ ഒരു പേരുകൂടി വേണ്ടിയിരുന്നു.
അങ്ങനെയാണ് അദ്ദേഹം ആന്റിലിയ എന്ന പേരിലേക്കെത്തിയത്. പതിനഞ്ചാം നൂറ്റാണ്ടില്‍ തയ്യാറാക്കിയ ചില ഭൂപടങ്ങളില്‍ അടയാളപ്പെടുത്തപ്പെട്ട ഒരു ദ്വീപിന്റെ പേരാണ് ആന്റിലിയ. ഏഴ് നഗരങ്ങളുടെ ദ്വീപ് എന്ന് അതിനെ അക്കാലത്ത് വിശേഷിപ്പിക്കുകയും ചെയ്തു. അതിനെ ചുറ്റിപ്പറ്റി പല കഥകളും ഉടലെടുക്കുകയും പ്രചരിക്കുകയും ചെയ്തു.
എന്നാല്‍ അത്തരത്തില്‍ ഒരു ദ്വീപില്ലെന്ന് പിന്നീട് വെളിപ്പെട്ടു. എല്ലാം മായയെന്ന് പറയുന്നതുപോലെ അതൊരു സാങ്കല്‍പ്പിക ദ്വീപായി ഇന്ന് അറിയപ്പെടുന്നു. മുകേഷ് അംബാനി അത് കടംകൊണ്ട് വീടിന്റെ പേരാക്കുകയും ചെയ്തു. ഇവിടെ തീരുന്നില്ല പേരിലെ മാഹാത്മ്യം. അസ്റ്ററേഷ്യ എന്ന സസ്യ വിഭാഗത്തിലെ ഒരു ചെടിയുടെ പേരും ആന്റിലിയ എന്നാണ്.
ഈ വര്‍ഗത്തില്‍ ഈ ഒരു ചെടി മാത്രമേയുള്ളൂ. സ്വഭാവത്തിലും ഘടനയിലുമെല്ലാം അത്രമേല്‍ അപൂര്‍വമായ ഒരിനം സസ്യം. അതായത് അപൂര്‍വ സവിശേഷതകളുള്ള ഒരു പേരിന്റെ അന്വേഷണം മുകേഷ് അംബാനിയെ ആന്റിലിയ എന്നതില്‍ എത്തിച്ചു എന്ന് ചുരുക്കം.