
വേനല്‍ നാള്‍ക്കുനാള്‍ കടുക്കുകയാണ്. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യവുമാണ്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യകരമായ അതിജീവനത്തിന് ശരീരത്തില്‍ മതിയായ അളവില്‍ ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. ഇല്ലെങ്കില്‍ നിര്‍ജലീകരണം സംഭവിക്കും. ചൂട് കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം അടക്കം ക്രമീകരിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണിവരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിച്ചാണ് ഉത്തരവ്.
സാധാരണഗതിയില്‍ എത്ര വെള്ളം കുടിക്കണം ?
ആരോഗ്യമുള്ള ശരീരത്തിനായി, സാധാരണ ദിവസങ്ങളില്‍ പോലും ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. അതായത് ഒരു മുതിര്‍ന്നയാള്‍ ദിവസവും 10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അതായത് മൂന്ന് ലിറ്റര്‍ വെള്ളം ഉറപ്പുവരുത്തണം. മനുഷ്യ ശരീരത്തില്‍ 70ശതമാനത്തോളം വെള്ളമാണ്. എന്നാല്‍ വിയര്‍പ്പായും മൂത്രമായും ശരീരം ജലം പുറത്തുവിടുന്നുണ്ട്. ഇത് ബാലന്‍സ് ചെയ്യാന്‍ വെളളം ഇടയ്ക്കിടെ കുടിച്ചുകൊണ്ടിരിക്കണം. കൂടാതെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് വെള്ളം അത്യന്താപേക്ഷിതവുമാണ്.
വേനല്‍ക്കാലത്ത് എത്ര വെള്ളം കുടിക്കണം ?
അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുമ്പോള്‍ ശരീരത്തില്‍ നിന്ന് ഏറെ വെള്ളം നഷ്ടപ്പെടും. അതിനാല്‍ വേനല്‍ക്കാലത്ത് വെള്ളംകുടി കൂട്ടണമെന്നര്ഥം. അതായത് ഓരോ മണിക്കൂറിലും ഓരോ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണഗതിയില്‍ ഒരു ദിവസം 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണമെങ്കില്‍ വേനല്‍ക്കാലത്ത് ഇത് 15 വരെയാക്കണമെന്നര്ഥം. ലിറ്റര്‍ കണക്കിലെടുത്താല്‍ മൂന്ന് എന്നത് നാല് നാലര ലിറ്ററായി ഉയര്‍ത്തേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വെയിലത്ത് പുറത്തുപോകുന്നവരാണെങ്കിലും കടുത്ത ചൂടില്‍ തൊഴിലെടുക്കുന്നവരാണെങ്കിലും അളവ് നോക്കാതെ നിരന്തരം വെള്ളംകുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതുണ്ട്. അതേസമയം ഭക്ഷണത്തിലൂടെയും മറ്റ് പാനീയങ്ങള്‍ എന്നിവയിലൂടെയും ജലാംശം ശരീരത്തിലെത്തിക്കാനാകും. ഇതിനായി തണ്ണിമത്തന്, സംഭാരം തുടങ്ങിയവയും വേനല്‍ക്കാലത്ത് ശീലമാക്കാം.