ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസിൽ പ്രതിയായ നടി രന്യ റാവുവിന്റെ കൂട്ടാളി അറസ്റ്റിൽ. ബെംഗളൂരു സ്വദേശി തരുൺ രാജാണ് അറസ്റ്റിലായത്. ഡൽഹിയിൽ നിന്നാണ് ഇയാളെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആർ ഐ) കസ്റ്റഡിയിലെടുത്തത്. രന്യക്കൊപ്പം തരുൺ രാജ് വിദേശ യാത്രകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. രന്യ റാവു സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണി മാത്രമെന്ന് റവന്യു ഇന്റലിജന്‍സിൻ്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സ്വര്‍ണക്കടത്തിനായി 30 തവണ രന്യ ദുബായ് യാത്ര നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രന്യയുടെ ബെംഗളൂരു ലാവല്ലേ റോഡിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിആര്‍ഐ സംഘം അഞ്ച് കോടി രൂപയുടെ സ്വര്‍ണവും പണവും കണ്ടെടുത്തിരുന്നു. ഓരോ യാത്രയ്ക്കും അഞ്ച് ലക്ഷം രൂപ മുതല്‍ സ്വര്‍ണത്തിന്റെ അളവനുസരിച്ച് കമ്മീഷന് പറ്റിയായിരുന്നു രന്യ പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാനച്ഛനും കര്‍ണാടക ഡിജിപിയുമായ രാമചന്ദ്ര റാവു ഐപിഎസിൻ്റെ പേര് പറഞ്ഞ് ഗ്രീന്‍ ചാനല്‍ വഴി ആയിരുന്നു ഇതുവരെ സുരക്ഷാ പരിശോധന ഇല്ലാതെ നടി വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നിരുന്നത്.
ബസവരാജ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ നടിയുടെ പെട്ടികള്‍ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാന്‍ എത്തിയിരുന്നതായും ഡിആര്‍ഐ വൃത്തങ്ങള്‍ അറിയിച്ചു. ഡിജിപി രാമചന്ദ്ര റാവുവിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. രാമചന്ദ്ര റാവുവിൻ്റെ ട്രാക് റെക്കോര്‍ഡ് ഡിആര്‍ഐ പരിശോധിക്കും. 14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യ കഴിഞ്ഞ തിങ്കളാഴ്ച ആയിരുന്നു ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായത്.
The post സ്വർണക്കടത്ത്; നടി രന്യ റാവുവിൻ്റെ കൂട്ടാളി അറസ്റ്റിൽ appeared first on Malayalam Express.