
പാഠഭാഗങ്ങള്‍ അന്നന്നുതന്നെ പഠിച്ചാലേ പരീക്ഷാ തലേന്ന് കാര്യങ്ങള്‍ എളുപ്പമാവൂ. തലേന്നാള്‍ പുതുതായി പഠിക്കാന്‍ തിടുക്കപ്പെടുന്നത് ഗുണകരമല്ല. പകരം പഠിച്ചത് റിവിഷന്‍ ചെയ്യാനാണ് ആ സുവര്‍ണ മണിക്കൂറുകള്‍ ഉപയോഗപ്പെടുത്തേണ്ടത്. സമ്മര്‍ദങ്ങളില്‍ നിന്ന് വിട്ടുനിന്ന് റിവിഷനിലൂടെ, പഠിച്ചത് പുതുക്കാന്‍ ഈ സമയം വിനിയോഗിക്കണം. അതിന് ഉതകുന്ന 7 പ്രധാന കാര്യങ്ങള്‍ ഇവയാണ്.
സമയം പ്രധാനം: പരീക്ഷയ്ക്ക് മുമ്പുള്ള അവസാന നിമിഷങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, സമയം ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഈ ഘട്ടത്തില്‍, നേരത്തേ പഠിച്ച കാര്യങ്ങളുടെ റിവിഷനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. പാഠഭാഗങ്ങളെ പലതായി വിഭജിച്ച് നിശ്ചിത സമയം ഓരോ ഭാഗത്തിനുമായി നീക്കിവയ്ക്കുക.
ശ്രദ്ധ തെറ്റരുത്: അവസാനഘട്ട പഠനത്തില്‍ സമയം ഒട്ടും പാഴാക്കാനില്ല. അതിനാല്‍ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഏറ്റവും അനുയോജ്യമായ ശല്യമില്ലാത്ത സ്ഥലം പഠനത്തിനായി തെരഞ്ഞെടുക്കണം. ശ്രദ്ധയില്ലെങ്കില്‍ പഠിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് ഓര്‍ക്കുക. ഫോണ്‍, ടിവി, കംപ്യൂട്ടര്‍ എന്നിയവയില്‍ നിന്നും അകന്നുനില്ക്കുക.
മെച്ചപ്പെടുത്തേണ്ടവയില് ശ്രദ്ധ: ചില പാഠഭാഗങ്ങള്‍ എളുപ്പമുള്ളതും എന്നും ഓര്‍മ്മയില്‍ നില്ക്കുന്നതുമായിരിക്കും. അതിനാല്‍ നന്നായറിയുന്ന ഭാഗങ്ങള്‍ വിട്ട്, മെച്ചപ്പെടുത്തണം എന്ന് കരുതുന്ന ഏരിയകളില്‍ വേണം പരീക്ഷയുടെ തലേന്നാള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍.
ഉത്തരങ്ങള്‍ വിശദീകരിക്കുക: പഠിച്ചവ മറ്റൊരാള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്. ഇത് ഉത്തരം ഹൃദിസ്ഥമാകാന്‍ സഹായിക്കുന്നുവെന്ന് മാത്രമല്ല, ഓര്‍മ്മയില്‍ നില്‍ക്കാനും ആത്മവിശ്വാസം വര്‍ധിക്കാനും സഹായിക്കും. നന്നായി പറയാന്‍ കഴിയുന്നുവെന്നത് ധൈര്യം നല്‍കുന്നതിനൊപ്പം സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും.
ആരോഗ്യ ശ്രദ്ധ: പരീക്ഷയുടെ തലേന്ന് ശുദ്ധജലം കുടിച്ചും പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചും ആരോഗ്യം നിലനിര്‍ത്തേണ്ടതുണ്ട്. ദഹിക്കാന്‍ പ്രയാസമുള്ളതോ അധികം എരിവോ പുളിയോ ഉള്ളതോ ആയ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആഹാരം അമിതമാകുന്നതും എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കുക.
ബാഗ് പാക്കിങ്ങ്: പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ വസ്തുക്കളും തലേന്ന് രാത്രി ഉറങ്ങുംമുന്‍പ് ബാഗില്‍ എടുത്തുവച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പേനകള്‍, പെന്സിലുകള്, മറ്റ് വസ്തുക്കള്‍ എന്നിവ മതിയായ പ്രവര്ത്തനനിലയിലാണെന്ന് പരിശോധിച്ച് വിലയിരുത്തുക. ഒന്നും മറക്കുന്നില്ലെന്നും ഉറപ്പുവരുത്തുക.
മതിയായ ഉറക്കം: ഉറക്കമൊഴിഞ്ഞ് പഠിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനിടയുണ്ട്. മതിയായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ക്ഷീണം, ഉന്മേഷക്കുറവ്, ഉത്സാഹമില്ലായ്മ, മറവി തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. അതിനാല്‍ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറക്കം ഉറപ്പുവരുത്തുക.