ലോകത്തിന്റെ പല കോണുകളിലും ആഭ്യന്തര കലഹമടക്കമുള്ള അരക്ഷിതാവസ്ഥ നിറഞ്ഞ് നിൽക്കുന്ന ഒരു കാലഘട്ടിലൂടെയാണ് നാം കടന്ന് പോകുന്നത്. ഡോണൾഡ് ട്രംപ് ഒരു ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടുകയും ലോകത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടുകയും ചരിത്രപരമായ ഭൂരാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുമ്പോൾ, പടിഞ്ഞാറൻ രാജ്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും അപകടത്തിലാണ്. പ്രധാന പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് പിന്നോട്ട് പോകുകയാണ്. 2027 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ഫ്രാൻസ് മുൻനിര സ്ഥാനാർത്ഥിയും ജനപ്രിയ വലതുപക്ഷ നേതാവുമായ മറൈൻ ലെ പെന്നിനെ വിലക്കിയതടക്കം ഇതിന്റെ പ്രധാന തെളിവാണ്.
അതുമാത്രമല്ല, കാനഡയിലും സാഹചര്യം ഏറെക്കുറെ സമാനമാണ്. കാനഡയിലെ ലിബറൽ പാർട്ടിയുടെ പാർലമെന്റ് അംഗമായ ചന്ദ്ര ആര്യയെ പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കിയിരുന്നു. ഇത് വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്, നേതൃസ്ഥാന മത്സരത്തിന്റെ നിയമസാധുതയെ പലരും ചോദ്യം ചെയ്തു. ഇന്ത്യയുമായുള്ള ബന്ധം ആരോപിച്ച്, നേതൃത്വത്തിലേക്ക് മത്സരിക്കാനുള്ള ആര്യയുടെ ശ്രമം ലിബറൽ പാർട്ടി റദ്ദാക്കുകയും ഓട്ടവ നേപ്പിയൻ മണ്ഡലത്തിൽ നിന്നുള്ള ആര്യയുടെ നാമനിർദ്ദേശം റദ്ദാക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് ഫസ്റ്റ് പോസ്റ്റിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യയ്ക്കെതിരായ ട്രൂഡോയുടെ ആരോപണങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്. കനേഡിയൻ തിരഞ്ഞെടുപ്പുകളിൽ ഇന്ത്യ ഇടപെട്ടതായി കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്, എന്നാൽ ഈ അവകാശവാദങ്ങൾക്ക് വ്യക്തമായ തെളിവുകളില്ല. നേതൃത്വ മത്സരത്തിന്റെ നിയമസാധുതയും കാനഡയുടെ ജനാധിപത്യ പ്രക്രിയകളും ഇപ്പോഴും സൂക്ഷ്മപരിശോധനയിലാണ്.
ആര്യയുടെ അയോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനേഡിയൻ ഗവൺമെന്റ് തങ്ങളുടെ പൗരന്മാരോടുള്ള പെരുമാറ്റത്തെയും ഇന്ത്യയുമായുള്ള ബന്ധത്തെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തി കാണിക്കുന്നതാണ്. ലിബറൽ പാർട്ടിയുടെ തീരുമാനത്തിന് പിന്നിലെ ഉദ്ദേശ്യങ്ങളെയും ഈ പ്രക്രിയയിൽ കനേഡിയൻ ചാര ഏജൻസികളുടെ പങ്കിനെയും പറ്റി പലരും ചോദ്യം ചെയ്യുന്നുമുണ്ട്. ചന്ദ്ര ആര്യ, തന്നെ അയോഗ്യനാക്കിയതിന് കാരണം ഹിന്ദു കനേഡിയൻമാർക്കുവേണ്ടിയുള്ള തന്റെ തുറന്ന വാദവും ഖലിസ്ഥാൻ തീവ്രവാദത്തിനെതിരായ തന്റെ ഉറച്ച നിലപാടുമാണ് എന്ന് അവകാശപ്പെടുന്നു.
Also Read: അമേരിക്കയുടെ നായകനായ ട്രംപ് അന്തകനായി മാറുന്നുവോ?
ഇന്ത്യാ സന്ദർശനം ഉൾപ്പെടെ നയതന്ത്രജ്ഞരുമായും സർക്കാർ മേധാവികളുമായും താൻ നടത്തുന്ന ഇടപെടലുകൾ ഒരു എംപി എന്ന നിലയിൽ സാധാരണ രീതിയാണെന്നും അതിന് സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും അദ്ദേഹം വാദിക്കുന്നു. ഈ വിവാദം സർക്കാരും ന്യൂനപക്ഷ വിഭാഗങ്ങളും, പ്രത്യേകിച്ച് ഹിന്ദു സമൂഹവും തമ്മിലുള്ള സംഘർഷങ്ങളെ എടുത്തുകാണിക്കുന്നു. തങ്ങളുടെ ആശങ്കകൾ അവഗണിക്കപ്പെടുന്നുവെന്ന് അവർ കരുതുന്നു.

ആര്യയുടെ കേസ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. വിയോജിപ്പുള്ളവരെയും പ്രതിഷേധക്കാരെയും കൈകാര്യം ചെയ്യുന്നതിൽ ഏകാധിപത്യ ഭരണകൂടങ്ങളെ അനുസ്മരിപ്പിക്കുന്ന, ലിബറൽ അല്ലാത്ത, സ്വേച്ഛാധിപത്യപരമായ ഒരു പോലീസ് രാഷ്ട്രത്തിലേക്ക് കാനഡ അധഃപതിക്കുന്നതിന്റെ മറ്റൊരു സൂചനയാണിത്. കൂടാതെ കാനഡയെ പ്രകോപിപ്പിച്ച് രാജ്യത്തെ ഭിന്നിപ്പിക്കാൻ അയൽ രാജ്യമായ അമേരിക്ക ശ്രമിക്കുമ്പോൾ തന്നെ ഇത്തരം നടപടി ക്രമങ്ങളിലൂടെ കാനഡ നീങ്ങുന്നത് ഭരണ വ്യവസ്ഥയ്ക്ക് തന്നെ മുറിവുണ്ടാക്കിയേക്കാം.
2022 ഫെബ്രുവരിയിൽ കനേഡിയൻ ഭരണകൂടത്തിന്റെ ഭീഷണി നേരിട്ട ഫ്രീഡം കോൺവോയ് സമരത്തിലെ ട്രക്ക് ഡ്രൈവർമാർ പറയുന്നത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ, വിമതരെ അടിച്ചമർത്താൻ തന്റെ സ്വേച്ഛാധിപത്യ ഭരണത്തിലെ എല്ലാ വൃത്തികെട്ട തന്ത്രങ്ങളും ഉപയോഗിച്ചുവെന്നാണ് , കാനഡയുടെ ചരിത്രത്തിൽ ആദ്യമായി ഫെഡറൽ എമർജൻസി ആക്ട് അന്ന് നടപ്പിലാക്കി, പ്രതിഷേധിച്ച ട്രക്ക് ഡ്രൈവർമാരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തി, അവരുടെ ഉപജീവനമാർഗ്ഗം തട്ടിയെടുത്തു, അവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, പ്രസ്ഥാനത്തിന് ധനസഹായം നൽകുന്നവരെ ഭരണകൂടം വേട്ടയാടി.

അമേരിക്കയിലെ സ്ഥിതി പക്ഷെ നേരെ മറിച്ചാണ്, അമേരിക്കയുടെ പാരമ്പര്യം കാത്ത് കൊണ്ട് ട്രംപ് ഇപ്പോഴും സ്വേച്ഛാധിപത്യ നടപടികൾ തന്നെയാണ് സ്വീകരിക്കുന്നത്. പക്ഷെ അമേരിക്ക കടന്നും ട്രംപ് തന്റെ കടുംപിടുത്തങ്ങൾ നടത്താൻ ശ്രമിച്ചപ്പോഴാണ് സംഭവം പാളി തുടങ്ങിയത്. ലോകത്തിലെ വമ്പൻ രാജ്യങ്ങളെയെല്ലാം ട്രംപ് വെറുപ്പിച്ചുവെന്ന് തന്നെ പറയാം. കാനഡിൽ നടന്നു എന്ന് പറയുന്നതിന്റെ ഇരട്ടിയിലധികം നിയമലംഘനകങ്ങളാണ് ട്രംപ് കാണിച്ചു കൂട്ടിയത്. ജനങ്ങളെ അങ്ങേയറ്റം ഉപദ്രവിച്ച് വിമർശങ്ങളും പ്രതിഷേധങ്ങളും ഏറ്റ് വാങ്ങി ട്രൂഡോയ്ക്കും മുന്നെ അധികാരം നഷ്ടപ്പെടാനുള്ള വഴികളാണ് ട്രംപ് ഉണ്ടാക്കിയെടുക്കുന്നത്.
ജനാധിപത്യവും, സ്വാതന്ത്രവും മൗലീകാവകാശങ്ങളുമെല്ലാം ഭരണഘടനയിൽ എഴുതപ്പെട്ട് നൂറ്റാണ്ടുകൾ പിന്നിട്ട് ഇങ്ങ് 21ാം നൂറ്റാണ്ടിൽ എത്തിയിട്ടും അധികാരത്തിലേറുന്ന നേതാക്കൾ ഇത്തരത്തിലുള്ള അവകാശലംഘനങ്ങൾ നടത്തുന്നത് ജനരോഷം ആളിക്കത്താനും വീണ്ടും ലോകത്ത് പ്രതിഷേധ പ്രകടനങ്ങൾ ഉടലെടുക്കാനും കാരണമാകും. അതിന്റെ ഉദയം ഏറെ വൈകാതെ അമേരിക്കയിൽ നിന്ന് തന്നെ ഉണ്ടാകുമെന്നതാണ് സാധ്യതകളെല്ലാം തെളിയിക്കുന്നത് വേണം പറയാൻ ..!
The post പൗരസ്വാതന്ത്ര്യം ഉപരോധത്തിലാക്കുന്നു, ജനാധിപത്യത്തെ കാർന്ന് തിന്നുന്ന രാജ്യങ്ങൾ appeared first on Express Kerala.