മാനത്തെ കൊട്ടാരം, ആലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, പ്രിയപ്പെട്ട കുക്കു തുടങ്ങിയ രസകരമായ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകൻ സുനില്‍ ഒരിടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ‘കേക്ക് സ്റ്റോറി’ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു. ഏപ്രിൽ 19നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു കേക്കിന് പിന്നിലെ രസകരവും ഒപ്പം ഉദ്വേഗ ജനകവുമായ കഥയുമായെത്തുന്ന ചിത്രത്തിൽ സംവിധായകൻ സുനിലിൻ്റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അതേസമയം ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും വേദ സുനിലാണ്. ചിത്രവേദ റീൽസിൻ്റേയും ജെകെആര്‍ ഫിലിംസിൻ്റേയും ബാനറിൽ ബിന്ദു സുനിലും ജയന്തകുമാർ അമൃതേശ്വരിയും ചേർന്നാണ് ‘കേക്ക് സ്റ്റോറി’ നിർമ്മിക്കുന്നത്. കൂടാതെ തമിഴ് നടനായ റെഡിൻ കിൻസ്ലി ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അദ്ദേഹം ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു മുഴുനീള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അച്ഛനോടൊപ്പം നാല് ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറായും, മറ്റൊരു ചിത്രത്തില്‍ എഡിറ്റര്‍ ആയും പ്രവര്‍ത്തിച്ച വേദയുടെ ആദ്യ തിരക്കഥയാണ് ‘കേക്ക് സ്റ്റോറി’. ‘പന്ത്രണ്ട് മണിയും പതിനെട്ടു വയസ്സും’ എന്ന പേരിലുള്ള ഒരു പുസ്തകവും വേദ രചിച്ചിട്ടുണ്ട്.
ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. ബാബു ആന്റണി, ജോണി ആന്റണി, മേജർ രവി, കോട്ടയം രമേഷ്, അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു, ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് എന്നിവരും ജോസഫ് യുഎസ്എ, മിലിക്ക സെർബിയ, ലൂസ് കാലിഫോർണിയ, നാസ്തിയ മോസ്കോ തുടങ്ങി വിദേശികൾ ആയിട്ടുള്ള അഞ്ചുപേരും സിനിമയിൽ അഭിനയിക്കുന്നുണ്ട്.
The post ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി കേക്ക് സ്റ്റോറി appeared first on Malayalam Express.