കൊച്ചി: ഫെഡറേഷന് കപ്പ് അത്ലറ്റിക്സിന്റെ രണ്ടാം ദിനം മഹാരാജാസ് സ്റ്റേഡിയത്തിലെ മിന്നും താരങ്ങളായത് ദേവ് കുമാര്‍ മീണയും ഡേവിഡ് പിയും. സ്വന്തം പേരിലുള്ള ദേശീയ റിക്കാര്‍ഡ് തിരുത്തി ദേവ് കുമാര്‍ പോള്‍ വോള്‍ട്ടില്‍ സ്വര്‍ണം ആഘോഷിച്ചു. ലോങ്ജംപിലെ ഭാരതത്തിന്റെ സൂപ്പര്‍ താരം ജെസ്വിന് ആള്‍ഡ്രിനെ അട്ടിമറിച്ചാണ് ഡേവിഡ് പി നേടിയ സ്വര്‍ണം ഇന്നലത്തെ മെഡലുകളില്‍ ഏറെ തിളക്കമുള്ളതായി.
ഏഷ്യന്‍ അത്ലറ്റിക്സ് യോഗ്യതയായ 5.51മീറ്റര്‍ ലക്ഷ്യമിട്ടാണ് ദേവ് കുമാര്‍ തുടങ്ങിയത്. മത്സരം ആരംഭിച്ചത് 4.20 മീറ്റര്‍ ഉയരത്തില്‍. 4.90ല്‍ എത്തുമ്പോള്‍ ഇറങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ ഇറങ്ങിയതാകട്ടെ അഞ്ച് മീറ്ററില്‍. 5.20 മീറ്റര്‍ ഉയരം മറികടന്നപ്പോള്‍ മീറ്റ് റെക്കോര്‍ഡ് സ്വന്തമായി. മറികടന്നത് 2019ല്‍ തമിഴ്നാടിന്റെ എസ് ശിവ സ്ഥാപിച്ച 5.16. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ 5.35 മീറ്ററിലേക്ക് കുതിച്ച് സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തി. മറികടന്നത് ഇക്കഴിഞ്ഞ ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ദേവ് തന്നെ സ്ഥാപിച്ച 5.32 മീറ്റര്‍ റെക്കോര്‍ഡ് പ്രകടനം.
പ്രകടനത്തില്‍ നിരാശനാണെന്ന് ദേവ് പറഞ്ഞു. സ്പ്രിന്ററായിട്ടാണ് തുടക്കം. ഭോപ്പാല്‍ അക്കാദമി ഓഫ് എക്സലന്‍സില്‍ എത്തിയപ്പോള്‍ പോള്‍വാട്ടിലേക്ക് മാറി. ഏഞ്ചല്‍ ഗാര്‍ഷ്യ എസ്തെബാന്, ഗണശ്യാം എന്നിവരാണ് പരിശീലകര്‍.
ലോങ് ജംപ് പിറ്റില്‍ ദേശീയ റെക്കോര്ഡുകാരന് ജെസ്വിന് ആല്‍ഡ്രിനെ തമിഴ്നാട് തൂത്തുക്കുടി സ്വദേശി പി ഡേവിഡ് അട്ടിമറിച്ചു.
7.94 മീറ്റര്‍ ദൂരത്തിലേക്കായിരുന്നു സ്വര്‍ണചാട്ടം. ജെസ്വിന് ആല്ഡ്രിന് ചാടിയത് 7.83മീറ്റര്‍. മലയാളി താരം മുഹമ്മദ് അനീസ് യഹിയ 7.70 മീറ്റര്‍ ചാടി വെങ്കലം നേടി.
ഇന്നത്തെ ഫൈനലുകള്‍
പുരുഷ ഹാമര്‍ ത്രോ-ഉച്ചയ്ക്ക് 2.00
വനിതകളുടെ ട്രിപ്പിള്‍ ജംപ്- വൈകീട്ട് 4.00
വനിതകളുടെ ഷോട്ട്പുട്ട്- വൈകീട്ട് 4.15
400 മീറ്റര്‍ പുരുഷ ഹര്‍ഡില്‍സ്- വൈകീട്ട് 4.30
400 മീറ്റര്‍ വനിതാ ഹര്‍ഡില്‍സ്- വൈകീട്ട് 4.45
3000 മീറ്റര്‍ പുരുഷ സ്റ്റീപ്പിള്‍ചെയ്സ്- വൈകീട്ട് 5.00
3000 മീറ്റര്‍ വനിതാ സ്റ്റീപ്പിള്‍ചെയ്സ്-വൈകീട്ട് 5.20