ഇസ്ലാമാബാദ്: പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നടപടി സ്വീകരിച്ചതിന് പിന്നാലെ ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ച് പാകിസ്ഥാന്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് യോഗം വിളിച്ചത്. ഇന്ത്യയുടെ നീക്കത്തിന് മറുപടി നല്‍കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ പറഞ്ഞു. യോഗത്തിന് ശേഷം വ്യക്തമായ പ്രതികരണമുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നാളെ രാവിലെയാണ് പാകിസ്ഥാനില്‍ ദേശീയ സുരക്ഷാ സമിതി യോഗം ചേരുന്നത്.
Also Read:എന്താണ് സിന്ധു നദീജല കരാര്‍ ? പാക്കിസ്ഥാന്റെ കുടിവെള്ളം മുട്ടിച്ച് ഇന്ത്യ
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികളാണ് ഇന്ത്യ സ്വീകരിച്ചത്. പാകിസ്താന് പൗരന്മാര് 48 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പാകിസ്താന് പൗരന്മാര്ക്കുള്ള വിസാ നടപടികളും ഇന്ത്യ മരവിപ്പിച്ചു. പാകിസ്താന്റെ സുപ്രധാന കുടിവെള്ള പദ്ധതിയായ സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കി.
വാഗ – അട്ടാരി അതിര്‍ത്തി അടിയന്തരമായി അടച്ചു. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ വിളിക്കാനും തീരുമാനമായി. പാക് ഹൈ കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കും. മെയ് 1 മുതല്‍ പുതിയ നടപടികള്‍ പ്രാബല്യത്തില്‍ വരുമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
The post ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ച് പാകിസ്ഥാന് appeared first on Express Kerala.