ഉംറ യാത്രികർക്കുള്ള സ്വീകരണത്തിൽ ജമാൽ നദ് വി സംസാരിക്കുന്നു
മനാമ : വിശുദ്ധ ഉംറ നിർവഹിച്ചു തിരിച്ചു വന്നവർക്ക് ഫ്രൻഡ്സ് സ്റ്റഡി സർക്ക്ൾ സ്വീകരണം നൽകി. സിഞ്ചിലെ ഫ്രൻഡ്സ് സെന്ററിൽ സംഘടിപ്പിച്ച സംഗമത്തിൽ “ഉംറക്ക് ശേഷം” എന്ന വിഷയത്തിൽ ജമാൽ നദ് വി ഇരിങ്ങൽ ക്ലാസ് നടത്തി. ഉംറയിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം തങ്ങളുടെ ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കാൻ സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസികളുടെ ജീവിതത്തിൽ മരണചിന്തയും പരലോകബോധവും വർധിപ്പിക്കാൻ ഉംറ കാരണമാവണം. പ്രവാചകന്മാരായ ഇബ്രാഹിം, ഇസ്മാഈൽ, മുഹമ്മദ് നബി തുടങ്ങിയവരുടെ ജീവിതത്തിലൂടെയുള്ള ഓർമകളുടെ സഞ്ചാരം കൂടിയാണ് വിശുദ്ധഭൂമിയിലൂടെയുള്ള യാത്ര. അവരുടെ മാതൃകകൾ ജീവിതത്തിലേക്ക് പകർത്താനും ഉംറ പ്രചോദനമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉംറ യാത്രയിലെ അനുഭവങ്ങൾ യാത്രികർ സദസ്സുമായി പങ്കുവെച്ചു. ഹുസൈൻ വയനാട്, അക്ബർ, മുഹമ്മദ് സാജിദ്, റാഷിദ്, മൈമൂന, റിയ സാജിദ് എന്നിവർ സംസാരിച്ചു.
യാത്രാ അമീർ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഉംറ കൺവീനർ ജാസിർ പി.പി സ്വാഗതം പറഞ്ഞു. അബ്ദുൽ ഹഖ് സമാപനം നിർവഹിച്ചു.

യാത്രയിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഷബീർ, റിയ സാജിദ്, റാഷിദ് എന്നിവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.