ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ നടി വാണി കപൂറും പാകിസ്താൻ നടൻ ഫവാദ് ഖാനും പ്രധാന വേഷങ്ങളിൽ എത്തുന്ന അബീർ ഗുലാൽ എന്ന ചിത്രത്തിനെതിരെ വിവാദങ്ങൾ ഉയർന്നിരുന്നു. ഫവാദ് ഖാന്റെ ബോളിവുഡ് തിരിച്ചുവരവായി ഒരുങ്ങിയ ചിത്രത്തിന് പ്രദര്‍ശന വിലക്ക് വന്നേക്കും എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ മറ്റൊരു പ്രശ്നം കൂടി സിനിമ നേരിടുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
അബിർ ഗുലാലിന്റെ പ്രമോഷന് പരിപാടികള്‍ എല്ലാം നിര്‍ത്തിയെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിലെ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും യൂട്യൂബ് ഇന്ത്യയില്‍ നിന്നും നീക്കം ചെയ്തു. രണ്ട് ഗാനങ്ങളും പ്രൊഡക്ഷൻ ഹൗസിന്റെ ഔദ്യോഗിക ചാനലിലും സംഗീത അവകാശം സ്വന്തമാക്കിയിരിക്കുന്ന സരേഗമയുടെ യൂട്യൂബ് ചാനലിലുമാണ് അപ്ലോഡ് ചെയ്തതിരുന്നത്. എന്നാല്‍ രണ്ട് ഗാനങ്ങളും ഇപ്പോള്‍ യൂട്യൂബ് ഇന്ത്യയിൽ നിന്ന് നീക്കം ചെയ്തു. നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചത് പോലെ ബുധനാഴ്ച റിലീസ് ചെയ്യാനിരുന്ന ‘ടെയ്ൻ ടെയ്ൻ’ എന്ന ഗാനവും റിലീസ് ചെയ്തിട്ടില്ല. അതേസമയം, വിഷയത്തിൽ പ്രൊഡക്ഷന്‍ ഹൗസോ ചിത്രത്തിന്റെ അണിയറക്കാരോ പ്രതികരിച്ചിട്ടില്ല.
ആരതി എസ് ബാഗ്ദി സംവിധാനം ചെയ്യുന്ന അബിർ ഗുലാൽ മെയ് 9 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ഇന്ത്യ-പാക് പ്രണയകഥയാണ് ഈ റൊമാന്റിക് ഡ്രാമയില്‍ പറയുന്നത് എന്നാണ് സൂചന. ഫവാദ് ഖാന് അഭിനയിച്ച ബോളിവുഡ് പടത്തിന് മുന്‍പും സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്. 2016-ൽ കരൺ ജോഹറിന്റെ ‘ഏ ദിൽ ഹേ മുഷ്കിൽ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വിവാദം. 2016 സെപ്റ്റംബർ 18 ഉറിയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ആ ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് പാകിസ്താൻ കലാകാരന്മാർക്ക് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഏപ്രിൽ 22 നായിരുന്നു പഹല്‍ഗാമില്‍ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം അരങ്ങേറിയത്. പ്രദേശത്തുണ്ടായിരുന്ന ടൂറിസ്റ്റുകള്‍ക്ക് നേരെ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നിറങ്ങിവന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. മലയാളി ഉള്‍പ്പെടെ 26 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ആക്രമണത്തിന് തൊട്ടുപിന്നാലെ ലഷ്കര്‍ ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു
The post പാക് താരം ഫവാദ് ഖാൻ ചിത്രത്തിലെ ഗാനങ്ങൾ നീക്കം ചെയ്ത് യൂട്യൂബ് appeared first on Malayalam Express.