ഹൈദരാബാദിൽ നടന്ന റെട്രോ സിനിമയുടെ പ്രീ-റിലീസ് പരിപാടിയിൽ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ചും ഇന്ത്യ-പാകിസ്ഥാൻ പ്രശ്നത്തെക്കുറിച്ചും സംസാരിച്ച് നടൻ വിജയ് ദേവരകൊണ്ട. പ്രീ-റിലീസ് പരിപാടിയിൽ രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിജയ് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ എല്ലാവരും അമ്പരന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ആക്രമണത്തിൽ താൻ വളരെയധികം അസ്വസ്ഥനാണെന്ന് പറഞ്ഞുകൊണ്ടാണ് താരം ആരംഭിച്ചത്.
‘ചില പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. ഭീകരാക്രമണത്തിൽ ഞാൻ വളരെയധികം അസ്വസ്ഥനാണ്, ആഭ്യന്തര പ്രശ്നങ്ങൾ പോലും കൈകാര്യം ചെയ്യാൻ കഴിയാത്ത പാകിസ്ഥാൻ പോലുള്ള ഒരു രാജ്യത്തിന് ഇന്ത്യയെ ആക്രമിക്കാൻ ധൈര്യമുണ്ടായി. ഇത് വളരെ അർത്ഥശൂന്യമാണ്, കശ്മീർ ഇന്ത്യയുടേതാണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പാകിസ്ഥാൻ ഇത് മനസിലാക്കേണ്ടതുണ്ട്’ -വിജയ് ദേവരകൊണ്ട പറഞ്ഞു.
ഇന്ത്യ വളരെ ശക്തമായ ഒരു രാജ്യമാണെന്നും പാകിസ്ഥാനുമായി യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് ഇന്ത്യയെ കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് താരം കൂട്ടിച്ചേർത്തു. രാജ്യത്തിനുള്ളിൽ ഇതിനകം തന്നെ അവർ നിരവധി പ്രശ്നങ്ങളിലാണ്, താമസിയാതെ അവരുടെ സർക്കാരിനെതിരെ കലാപം നടക്കുമെന്നും വിജയ് പറഞ്ഞു.
The post ഞാൻ വളരെയധികം അസ്വസ്ഥനാണ്; ഭീകരാക്രമണത്തെക്കുറിച്ച് പ്രതികരണവുമായി വിജയ് ദേവരകൊണ്ട appeared first on Malayalam Express.