തിരുവനന്തപുരം: ദേശീയപാതയുടെ ക്രെഡിറ്റ് അവകാശവാദങ്ങൾക്കിടെ, സംസ്ഥാനറോഡിലും ക്രെഡിറ്റ് തർക്കം. തദ്ദേശവകുപ്പിന്റെ ഫണ്ടുപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ നവീകരിച്ച സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തിന് മന്ത്രി എം.ബി. രാജേഷ് പുറത്ത്. നഗരത്തിൽനിറഞ്ഞ ഫ്ലക്സ് ബോർഡുകളിൽ മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയും മാത്രമേയുണ്ടായിരുന്നുള്ളൂ. പൊതുമരാമത്തുവകുപ്പ് ഒരുരൂപപോലും മുടക്കാത്ത റോഡ് വികസനത്തിന്റെ ക്രെഡിറ്റ് റിയാസ് അടിച്ചെടുത്തതിലെ അതൃപ്തി എം.ബി. രാജേഷ് മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.നവീകരിച്ച നഗരറോഡുകളുടെ മേയ് 16-നുനടന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ മന്ത്രി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിച്ചത്. […]