ആദിത്യൻ മകരം – കുംഭം രാശികളിൽ സഞ്ചരിക്കുന്നു. അവിട്ടം ഞാറ്റുവേലക്കാലമാണ്. ചന്ദ്രൻ വെളുത്ത – കറുത്ത പക്ഷങ്ങളിൽ തിരുവാതിര മുതൽ ഉത്രം വരെയുള്ള നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. ഫെബ്രുവരി 12നാണ് വെളുത്തവാവ് വരുന്നത്. ചൊവ്വ മിഥുനം രാശിയിൽ പുണർതം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. ബുധൻ മകരം- കുംഭം രാശികളിലും അവിട്ടം – ചതയം നക്ഷത്രങ്ങളിലും സഞ്ചരിക്കുകയാണ്. ബുധൻ ക്രമമൗഢ്യത്തിൽ തുടരുന്നു.
ശനി കുംഭം രാശിയിൽ പൂരൂരുട്ടാതി നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ്. ശുക്രൻ മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ ഉത്രത്തിലുമാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് ചുവടെ പറയുന്ന വിധത്തിലാണ്. ഞായറാഴ്ചയും തിങ്കൾ ഉച്ചവരെയും വൃശ്ചികക്കൂറുകാർക്കും തുടർന്ന് ബുധനാഴ്ച
സായാഹ്നം വരെ ധനുക്കൂറുകാർക്കും തദനന്തരം ശനിയാഴ്ച പ്രഭാതം വരെ മകരക്കൂറുകാർക്കും മേൽ കുംഭക്കൂറുകാർക്കും അഷ്ടമ രാശി വരുന്നു.
ഈ ഗ്രഹനിലയെ അവലംബിച്ച് അശ്വതി മുതൽ രേവതി വരെയുള്ള ഒന്പത് നാളുകാരുടെയും വാരഫലം ഇവിടെ അപഗ്രഥിക്കുന്നു..
അശ്വതി
ചിന്തിച്ചും പുനരാലോചിച്ചും തീരുമാനങ്ങൾ കൈക്കൊള്ളാൻ കഴിയുന്നതാണ്. തന്മൂലം കർമ്മരംഗത്ത് കൂടുതൽ വളർച്ച പ്രകടമാവും. പ്രത്യുല്പന്നമതിത്വവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുവാൻ കഴിയുന്നതാണ്. കൂടിയാലോചനകൾ ഗുണകരമായേക്കും. എന്നാൽ അനുഭവങ്ങളുടെ ഏകതാനത മുഷിപ്പിച്ചേക്കാം. സുഹൃത് സല്ലാപങ്ങൾ, മനസ്സിനിഷ്ടപ്പെട്ട വിനോദങ്ങളിൽ വ്യാപരിക്കൽ എന്നിവയ്ക്ക് അവസരം തീരെ വിരളമാവും. സാമ്പത്തിക കാര്യങ്ങളിൽ അല്പം അച്ചടക്കം വേണ്ടതുണ്ട്. ജീവിതശൈലീ രോഗങ്ങളെ
‘ലക്ഷ്മണ രേഖ’ യുടെ ഉള്ളിൽ തളച്ചുനിർത്താൻ സാധിച്ചേക്കും.
ഭരണി
ജീവിതത്തിൻ്റെ സ്വാഭാവിക താളം തുടരപ്പെടും. ആത്മവിശ്വാസം പകരുന്ന ഊർജ്ജം മുന്നോട്ടുനയിക്കും. പ്രവർത്തന വേഗത സഹപ്രവർത്തകരിൽ വിസ്മയവും ഈർഷ്യയും നിറയ്ക്കാം. ബിസിനസ്സിൽ കൂടുതൽ മുതൽമുടക്ക് നടത്താൻ കഴിയുന്നതാണ്. സഹോദരരുടെയും കുടുംബത്തിൻ്റെയും പിന്തുണ പ്രതീക്ഷിക്കാം. അന്യദേശത്തു കഴിയുന്നവർക്ക് വീട്ടുകാര്യങ്ങളിൽ സമാധാനമുണ്ടാവും. പഠനത്തിലും ഗവേഷണത്തിലും മുന്നേറാൻ സാധിക്കുന്നതാണ്. ആഢംബരച്ചെലവ് അധികരിച്ചേക്കാം. അക്കാര്യത്തിൽ നിയന്ത്രണം വേണ്ടതുണ്ട്.
കാർത്തിക
രാഷ്ട്രീയം പറഞ്ഞും കേട്ടും അതിൽ തന്നെ മുഴുകിയും കാലം പോക്കുന്നവർക്ക് പുനശ്ചിന്തയുണ്ടാവും. കുടുംബ ജീവിതത്തിൽ കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതാണ്. ബിസിനസ്സിൽ പകരക്കാരെ ഒഴിവാക്കും. സ്വന്തം മേൽനോട്ടം മാറ്റം കൊണ്ടുവരുന്നത് ആഹ്ളാദം നിറയ്ക്കും. പ്രണയികൾക്ക് ശുഭതീരുമാനം കൈക്കൊള്ളാൻ ധൈര്യമുണ്ടാവും. കലാപരമായ പ്രവർത്തനങ്ങളിലെ വിഘ്നങ്ങൾ നീങ്ങുന്നതായിരിക്കും. ജന്മനാട്ടിലെ ഉത്സവത്തിൽ പങ്കുകൊള്ളും. വാരമദ്ധ്യത്തിലെ ദിവസങ്ങൾ കൂടുതൽ ശബളാഭമാവും.
രോഹിണി
ആദർശത്തിൽ മുറുകെ പിടിച്ചാലും പ്രായോഗികത ഉപേക്ഷിക്കില്ല. ദന്തഗോപുരത്തിൽ ഇരിക്കുന്നവരെ പരിഹസിക്കുവാൻ മുതിർന്നേക്കും. രണ്ടാം ഭാവത്തിൽ ശശിമംഗലയോഗം വരികയാൽ ധനാഗമം ഉറപ്പിക്കാം. വാക്കുകളിൽ മധുരവും തീക്ഷ്ണതയും ഇടകലരുന്നതാണ്. ഭോഗസുഖമുണ്ടാവും. സുഹൃൽബന്ധം പുഷ്ടിപ്പെടുന്നതാണ്. സ്ത്രീകളിൽ നിന്നും ധനാഗമം വന്നെത്തും. ആടയാഭരണങ്ങൾ പാരിതോഷികമായി ലഭിച്ചേക്കാം. തൊഴിൽ രംഗത്ത് വാര മധ്യത്തിനുശേഷം പ്രകടമായ ഉണർവ്വനുഭവപ്പെടും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റും. വാരാന്ത്യത്തിൽ ആലോചനകളിൽ മുഴുകി സമയം പോക്കും.
മകയിരം
സ്വന്തം കാര്യത്തിൽ ഉദാസീനരായേക്കാം. എന്നാൽ അന്യൻ്റെ കാര്യത്തിനായി അഹോരാത്രം പ്രവർത്തിക്കും. തന്മൂലം ഗാർഹികാന്തരീക്ഷം കലുഷമാവാനിടയുണ്ട്. ബിസിനസ്സ് രംഗം നവീകരിക്കാൻ ആഗ്രഹിക്കും. പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും. എന്നാൽ തടസ്സങ്ങൾ വന്നെത്തും. ബന്ധുക്കളിൽ നിന്നും കടം വാങ്ങിയ തുക മടക്കിക്കൊടുക്കാൻ സാധിക്കുന്നതാണ്. കൃഷിയിലും ആഭിമുഖ്യം ഉള്ളതിനാൽ മട്ടുപ്പാവ് കൃഷ്, പൂക്കൃഷി ഇവ തുടങ്ങുന്നതിന് കൃഷിഭവനുമായി ബന്ധപ്പെടും. ഊഹക്കച്ചവടം, ചിട്ടി, ഇൻഷ്വറൻസ് ഇവയിൽ നിന്നും സാമാന്യമായ വരുമാനം ലഭിക്കുന്നതാണ്.
തിരുവാതിര
ബന്ധുസമാഗമം പ്രതീക്ഷിക്കാം. വിരുന്നുകളിൽ സംബന്ധിക്കുന്നതാണ്. ഉന്നതവ്യക്തികളുമായി പരിചയപ്പെടും. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ സഹകരണം തൃപ്തികരമാവും. ആത്മീയ സാധനകൾക്ക് അവസരം ഭവിക്കും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രാവർത്തികമാക്കാൻ തടസ്സങ്ങൾ വരുന്നതായിരിക്കും. പുതുതലമുറയുടെ പ്രശ്നങ്ങൾ ചെവികൊടുത്തു കേൾക്കാൻ തയ്യാറായേക്കും. ധനവിനിയോഗത്തിൽ ശ്രദ്ധ പുലർത്തണം. പാഴ്ചെലവുകൾ അമിതമാവാനിടയുണ്ട്. ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങൾ കൂടുതൽ ഗുണകരമായിരിക്കും.
പുണർതം
ചന്ദ്രസഞ്ചാരം അനുകൂലരാശികളിൽ ആവുകയാൽ മനസ്സമാധനം പുലരും. ക്ഷോഭരഹിതമായി കാര്യങ്ങളെ വിലയിരുത്താൻ കഴിഞ്ഞേക്കും. മിത്രങ്ങളിലെ ശത്രുഭാവത്തെയും ശത്രുക്കളിലെ മിത്രഭാവത്തെയും തിരിച്ചറിയുന്നതാണ്. സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ പോംവഴി തെളിയാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മകൻ്റെ നിർബന്ധത്തിന് വഴങ്ങി ഇരുചക്രവാഹനം വാങ്ങാൻ തീരുമാനിക്കും. അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യും. ചൊവ്വ, ബുധൻ, ശനി ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്.
പൂയം
ഞായർ, തിങ്കൾ ദിവസങ്ങളിൽ ശുഭകാര്യങ്ങൾ തുടങ്ങരുത്. ഗുണകരമല്ലാത്ത യാത്രകൾ വേണ്ടിവരുന്നതാണ്. കടം കൊടുക്കേണ്ടി വരും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാക്കുകൾ പാലിക്കാൻ സാധിക്കും. സമൂഹത്തിൽ സ്വാധീനം ഉയരുന്നത് നേരിട്ടറിയും. എന്നാൽ രാഷ്ട്രീയ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. വ്യാഴം മുതലുള്ള ദിവസങ്ങളിൽ മനസ്സമാധാനത്തോടെ പ്രവർത്തനങ്ങളിൽ കേന്ദ്രീകരിക്കാനാവും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങളെ അഭിനന്ദിക്കും. കഫജന്യ രോഗങ്ങൾക്ക് തുടർച്ചയായി മരുന്നു കഴിക്കാൻ തുടങ്ങും.
ആയില്യം
ജീവിതാനുഭവങ്ങൾ നൽകിയ പാഠം കരുത്തുപകരും. ആത്മവിശ്വാസത്തിന് ഉലച്ചിലുണ്ടാവാത്ത കാലമാണ്. കുടുംബത്തിലെ പുതുതലമുറയുടെ പ്രശ്നങ്ങൾക്ക് പോംവഴി നിർദേശിക്കും. അധിക സാമ്പത്തിക ഭാരം വരുത്തിവെക്കുന്ന സംരംഭങ്ങളിൽ നിന്നും പിന്മാറുകയാവും ഉചിതം. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്നതാണ്. സ്ഥലംമാറ്റക്കാര്യം നീളുന്നതിൽ വിഷമിക്കും. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാതിരിക്കുക കരണിയം. വാരാദ്യം അലച്ചിലുണ്ടാവാം. ഒമ്പതാം ഭാവത്തിൽ ശുക്രൻ തുടരുകയാൽ പ്രാർത്ഥനയ്ക്കും ആത്മീയ സാധനകൾക്കും ഭംഗം ഉണ്ടാവുന്നതല്ല. വാരമധ്യം ശുഭവാർത്തകൾ ശ്രവിക്കും.
Read More
- Daily Horoscope February 06, 2025: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- കുംഭ മാസത്തെ നക്ഷത്രഫലം, അശ്വതി മുതൽ രേവതിവരെ
- Monthly Horoscope February 2025: ഫെബ്രുവരി മാസഫലം, അശ്വതി മുതൽ രേവതിവരെ
- Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി, ഏഴര ശനി, അഷ്ടമ ശനി ആർക്കൊക്കെ?
- Weekly Horoscope Feb 02 -Feb 08: സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ
- Weekly Horoscope (February 02 – February 08, 2025): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?