തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് വെള്ളിയാഴ്ച ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിക്കും.തദ്ദേശ തിരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സമ്പൂർണ്ണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല.
നികുതിയേതര വരുമാനം വർധിപ്പിക്കും
നികുതിയേതര വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾക്കാകും സംസ്ഥാന ബജറ്റ് പ്രാധാന്യം നൽകുന്നത്. മൂന്ന് വർഷം കൊണ്ട് മുഴുവൻ പ്രവർത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നിൽ കണ്ടാകും സംസ്ഥാന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളത്രയും. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്.
സാങ്കേതിക നൂലാമാലകൾ ഒഴിവാക്കി വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുള്ള സാധ്യതളെല്ലാം തുറന്നിടുമെന്ന സൂചന ധനമന്ത്രി നൽകിക്കഴിഞ്ഞു. കിഫ്ബി റോഡിലെ ടോളിന് സമാനമായി പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് എല്ലാം മാറി വരുമാന വർദ്ധനക്കുമുണ്ടാകും നിർദ്ദേശങ്ങൾ.
സ്വകാര്യനിക്ഷേപം വർധിപ്പിക്കുമോ
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാൻ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്‌കാരങ്ങൾക്കും സാധ്യതയുണ്ട്.
ക്ഷേമ പെൻഷൻ കൂട്ടി നൽകുന്നത് മുതൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട ജനപ്രിയ നിർദ്ദേശങ്ങൾ എന്തൊക്കെയാകുമെന്നും ബജറ്റ് ഉറ്റുനോക്കുന്നു. പദ്ധതികളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം പണമെവിടെ നിന്നെ എന്ന ചോദ്യം പക്ഷെ ബാക്കിയാണ്.