ദക്ഷിണകൊറിയന്‍ നടി കിം സെ റോണിനെ (24) സോളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച പ്രാദേശിക സമയം അഞ്ചുമണിയോടെയാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്താണ് മരണവിവരം പോലീസിനെ അറിയിച്ചത്.
മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളോ സംശയകരമായ മറ്റെന്തെങ്കിലോ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. മരണകാരണം അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. ദി മാന്‍ ഫ്രം നോവേര്‍, എ ഗേള്‍ അറ്റ് മൈ ഡോര്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കിം സെ റോണ്‍.
2009-ല്‍ പുറത്തിറങ്ങിയ എ ബ്രാന്‍ഡ് ന്യൂ ലൈഫ് എന്ന ചിത്രത്തിലൂടെ തന്റെ ഒമ്പതാം വയസ്സില്‍ ബാലതാരമായാണ് കിം സെ റോണ്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമകള്‍ക്ക് പുറമെ വിവിധ ടെലിവിഷന്‍ പരമ്പരകളിലും താരം പ്രധാനവേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 2023-ല്‍ പുറത്തിറങ്ങിയ ബ്ലഡ്ഹൂണ്ട്സ് ആണ് അവസാന സീരീസ്.
2022 മെയ് മാസത്തില്‍, സിയോളില്‍ മദ്യപിച്ച് വാഹനമോടിച്ച് അതിക്രമം കാണിച്ച കേസിനെ തുടര്‍ന്ന് കിം സെ റോണ്‍ പൊതുവേദികളില്‍നിന്ന് വിട്ടുനിന്നിരുന്നു. താരം ഓടിച്ചിരുന്ന കാറ് ഇലക്ട്രിക്കല്‍ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ചുകയറുകയും നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയുമുണ്ടായി. സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട കിം പരസ്യമായി ക്ഷമാപണം നടത്തുകയും അഭിനയ ജീവിതത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. തുടര്‍ന്ന് അവര്‍ കഫേയില്‍ ജോലി ചെയ്തിരുന്നതായി വാര്‍ത്ത വന്നിരുന്നു. 2024 ഏപ്രിലില്‍ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വിവാദങ്ങളും ആരോഗ്യപ്രശ്നങ്ങളും മൂലം അത് ഉപേക്ഷിക്കേണ്ടി വന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
The post ദക്ഷിണകൊറിയന്‍ നടി കിം സെ റോണ മരിച്ച നിലയിൽ appeared first on Malayalam Express.