
1) നിങ്ങളെക്കുറിച്ച് പറയൂ ?
ഏത് അഭിമുഖങ്ങളിലും പതിവായി ചോദിക്കുന്ന ഒന്നാണിത്. എളുപ്പത്തില്‍ ഉത്തരം പറയാന്‍ സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ടാകുമെങ്കിലും കൃത്യതയോടെയും വ്യക്തതയോടെയും മറുപടി നല്‍കേണ്ടതുണ്ട്. നിങ്ങളെക്കുറിച്ച് പറയുന്നതോടൊപ്പം എന്തുകൊണ്ട് നിങ്ങള്‍ ഈ ജോലിക്ക് യോജിച്ചയാളാണെന്ന് സമര്‍ഥിക്കാനും സാധിക്കണം. നിങ്ങളുമായി ബന്ധപ്പെട്ട സത്യസന്ധമായ വിവരങ്ങള്‍ മാത്രമേ പങ്കുവയ്ക്കാവൂ. നിലവിലെ പദവി, അതിന്റെ ഉത്തരവാദിത്തങ്ങള്‍, നിങ്ങളുടെ ജോലിചരിത്രം, വ്യക്തി ചരിത്രം എന്നിവ വിവരിക്കണം. ഹോബി അഥവാ നിങ്ങളെ പ്രചോദിപ്പിക്കുന്നത് എന്തെല്ലാമാണോ അക്കാര്യങ്ങളൊക്കെ ഉള്‍പ്പെടുത്താം. അവസാനമായി, നിങ്ങള്‍ പ്രസ്തുത ജോലി ആഗ്രഹിക്കുന്നതിന്റെ കാരണവും എത്തരത്തില്‍ നിങ്ങള്‍ അതിന് അനുയോജ്യമാണെന്നും വ്യക്തമാക്കുകയും വേണം.
2) എന്തുകൊണ്ട് ഇവിടെ ജോലി ചെയ്യാന്‍ ആഗ്രഹം ?
അഭിമുഖത്തിന് തയ്യാറെടുക്കുമ്പോള്‍ തന്നെ ആ സ്ഥാപനത്തെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതിന്റെ സേവനങ്ങളെക്കുറിച്ചും വിശദമായി മനസ്സിലാക്കിയിരിക്കണം. ആ സ്ഥാനത്തെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും എത്രത്തോളം അറിവുള്ളയാളാണെന്ന് നിങ്ങള്‍ തെളിയിക്കേണ്ടതുണ്ട്. സ്ഥാപനത്തിന്റെ ഭാവി വളര്‍ച്ചയില്‍ നിങ്ങള്‍ക്ക് ഏതുതരത്തില്‍ സംഭാവന നല്‍കുമെന്ന് പറയാനാവണം. എന്തുകൊണ്ടാണ് ആ സ്ഥാപനത്തെയും ഒഴിവുള്ള തസ്തികയെയും നിങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നും വിവരിക്കണം. ആ കമ്പനിയുടെ ഏത് ഘടകങ്ങളാണ് നിങ്ങളെ ആകര്‍ഷിക്കുന്നതെന്നും പരാമര്‍ശിക്കണം.
3) എന്തുകൊണ്ട് നിങ്ങളെ നിയമിക്കണം ?
ഈ ചോദ്യത്തിനുള്ള മറുപടിയില്‍ നിങ്ങളുടെ മികവുകള്‍ കൃത്യമായി അവതരിപ്പിക്കണം. വിദ്യാഭ്യാസ യോഗ്യതകളും അനുഭവ പരിചയവും അംഗീകാരങ്ങളും വിശദീകരിക്കാം. പ്രൊഫഷനില്‍ നിങ്ങളുടെ മികവുകള്‍ എന്തെല്ലാമാണോ അവയെല്ലാം പരാമര്‍ശിക്കാം. പ്രസ്തുത തസ്തികയ്ക്ക് വേണ്ട എന്തെല്ലാം യോഗ്യതകളും കഴിവുകളും നിങ്ങള്‍ക്കുണ്ടോ അവ നിര്‍ബന്ധമായും പങ്കുവയ്ക്കണം. സമാന പദവി വഹിച്ചിട്ടുണ്ടെങ്കില്‍ ആ സ്ഥാനത്തിരിക്കുമ്പോഴത്തെ ശ്രദ്ധേയ അനുഭവങ്ങളും പറയാം.
4) മികവുകളും പോരായ്മകളും എന്തെല്ലാം ?
കഠിനാധ്വാനം, സമയനിഷ്ട, ടാര്‍ഗറ്റ് അച്ചീവ് ചെയ്യുന്നതിലെ നിഷ്കര്‍ഷ, മികച്ച ആശയവിനിമയ ശേഷി തുടങ്ങി എന്തെല്ലാമാണോ നിങ്ങളുടെ പ്രത്യേകതകള്‍, അവയെല്ലാം പരാമര്‍ശിക്കാം. അതിന് ഉപോല്‍ബലകമായ ഉദാഹരണങ്ങളും നല്‍കണം. പോരായ്മകള്‍ പരാമര്‍ശിക്കുമ്പോള്‍, നിങ്ങള്‍ സ്വയം മെച്ചപ്പെടുത്തണമെന്ന് കരുതുന്ന കാര്യമെന്താണോ അവ പറയാം. ഉദാഹരണത്തിന് ഇംഗ്ലീഷ് ഭാഷയില്‍ നിങ്ങള്‍ മികവുണ്ടാക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് പങ്കുവയ്ക്കാം. ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ എനിക്ക് സാധിക്കുമെങ്കിലും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന രീതിയില്‍ വേണം വിവരിക്കാന്‍.
5) പ്രതീക്ഷിക്കുന്ന ശമ്പളം എത്ര ?
ശമ്പളവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയെന്നത് എളുപ്പമല്ല. കുറച്ചുപറയുന്നതും കൂട്ടി പറയുന്നതും അഭികാമ്യമല്ല. ഇത്തരമൊരു ചോദ്യം മുന്‍കൂട്ടി കാണുകയും ആ സ്ഥാപനത്തില്‍ ആ തസ്തികയ്ക്ക് ഏതാണ്ട് എത്ര ശമ്പളമുണ്ടെന്ന് അന്വേഷിച്ചറിയുകയും വേണം. അത്തരത്തില്‍ ശമ്പളസംഖ്യ അവതരിപ്പിക്കാം. അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ ആ ജോലിക്കും പദവിക്കും എത്രയാണോ ശമ്പളമെന്ന് മനസ്സിലാക്കി അത് ആവശ്യപ്പെടാം. അതുമല്ലെങ്കില്‍ ഇപ്പോള്‍ വാങ്ങുന്ന ശമ്പളത്തിന്റെ നിശ്ചിത ശതമാനം അധികം ആവശ്യപ്പെടാം. അതുപക്ഷേ നീതീകരിക്കാവുന്ന തുകയാകണമെന്ന് മാത്രം.