താൻ അഭിനയിച്ച സിനിമകളെക്കാളും വ്യക്തിജീവിതത്തിലെ സംഭവവികാസങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന ഒരു ആളാണ് അര്ജുന് കപൂര്‍. നടി മലൈകാ അറോറയുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് അര്ജുന് അടുത്തിടെയായി ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ഇരുവരും ബ്രേക്കപ്പ് ആയതും മാധ്യമങ്ങളിൽ നിറഞ്ഞു. ഇപ്പോഴിതാ ജീവിതപങ്കാളിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ.
“ഞാന്‍ സ്നേഹിക്കുന്ന ഒരാളോട് എനിക്ക് എന്റെ നിശബ്ദത പോലും പങ്കുവെക്കാനാകണം. അത് വളരെ പ്രധാനമാണ്. രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായാലും എല്ലാ സമയവും സംസാരിക്കാന്‍ സാധിച്ചില്ലെങ്കിലും പരസ്പരം ബന്ധപ്പെടാനാകണം. ഏതൊരു കാര്യവും കൂടുതല്‍ ചിന്തിക്കാതെ പങ്കുവെക്കുക എന്ന ആശയത്തിലാണ് ഞാൻ വിശ്വസിക്കുന്നത്” -അര്ജുന് കപൂര്‍ പറഞ്ഞു.
സ്നേഹമെന്നാല് എല്ലായ്പ്പോഴും ഒരു വ്യക്തിയോടൊപ്പം നില്‍ക്കുകയെന്നതല്ല. അവരുമൊന്നിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹമുണ്ടാകണം. വ്യക്തികള്‍ പരസ്പരം പങ്കാളിയുടെ ജോലിയും മനസിലാക്കിയിരിക്കണമെന്നും അർജുൻ കൂട്ടിച്ചേർത്തു. പുതിയ ചിത്രം മേരെ ഹസ്ബന്‍ഡ് കി ബീവിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് അർജുൻ കപൂര്‍ തന്റെ മനസ് തുറന്നത്.
‘പതി പത്നി ഓര് വോ’ (2019), ‘ഖേല്‍ ഖേല്‍ മെയ്ന്‍’ (2024) എന്നീ ചിത്രങ്ങളുടെ സംവിധായകനായ മുദ്ദസര്‍ അസീസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മേരെ ഹസ്ബന്‍ഡ് കി ബീവി’ (എന്റെ ഭര്‍ത്താവിന്റെ ഭാര്യ). ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രത്തില്‍ രാകുല്‍ പ്രീത് സിങ്, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്.
അതേസമയം ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളായിരുന്നു അര്ജുന് കപുറും മലൈക അറോറയും. 2018-ലാണ് ഇരുവരുടേയും പ്രണയം തുടങ്ങിയത്. നീണ്ട അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നത്. അര്ജുന് കപുര്‍ താനിപ്പോള്‍ സിംഗിളാണെന്ന് പരസ്യപ്രഖ്യാപനം നടത്തിയതോടെയാണ് ബ്രേക്ക് അപ്പ് അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങൾക്കും അവസാനമായത്.
The post മലൈകാ അറോറയുമായി പിരിയാൻ കാരണമെന്ത് ; തുറന്നുപറഞ്ഞ് അർജുൻ കപൂർ appeared first on Malayalam Express.