ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന് ഇന്ത്യയുടെ യുവ താരം ശുഭ്മാൻ ഗില്ലിനെ പ്രശംസിച്ച് ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗ്. നിലവിൽ ഏകദിന ക്രിക്കറ്റിൽ ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടാൻ ഏറ്റവും അർഹൻ ഗിൽ തന്നെയാണെന്നും പോണ്ടിംഗ് പറഞ്ഞു. ഐസിസി റിവ്യൂവിൽ സംസാരിക്കവെയാണ് ഗില്ലിന്റെ ഒന്നാം സ്ഥാനത്തേക്കുള്ള ഉയർച്ചയെ പോണ്ടിംഗ് പ്രശംസിച്ചത്.
ഇത് അദ്ദേഹത്തിന്റെ ക്ലാസിന്റെയും സ്ഥിരതയുടെയും പ്രതിഫലനമാണെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റിൽ അദ്ദേഹത്തിന് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ഏകദിനത്തിലും ടി 20 യിലും ഗില്ലിന്റെ പ്രകടനം അത്ഭുതപ്പെടുത്തുന്നതാണെന്ന് പോണ്ടിങ് കൂട്ടിച്ചേർത്തു. ബംഗ്ലാദേശിനെതിരെയുള്ള ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടിയിരുന്നു. 129 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സറും സഹിതം 101 റൺസെടുത്ത ഗിൽ പുറത്താകാതെ നിന്നു.
Also Read: ചാംപ്യൻസ് ട്രോഫി; ഓസീസും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ
അതേസമയം, ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലും താരം മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമടക്കം 259 റൺസ് ഗിൽ നേടിയിരുന്നു. ഇതിന് പിന്നാലെ ഐസിസി ഏകദിന റാങ്കിങ്ങിൽ പാകിസ്ഥാൻ താരം ബാബർ അസമിനെ മറികടന്ന് ശുഭ്മാൻ ഗിൽ ലോക ഒന്നാം നമ്പർ ഏകദിന ബാറ്റ്സ്മാനുമായി.
The post ‘ഒന്നാം സ്ഥാനം നേടാൻ ഏറ്റവും അർഹൻ അയാൾ തന്നെ’: ഗില്ലിനെ പ്രശംസിച്ച് ഓസീസ് ഇതിഹാസം appeared first on Malayalam News, Kerala News, Political News | Express Kerala.