തെറ്റായ മരുന്ന് നൽകിയെന്ന് വിവാദ വെളിപ്പെടുത്തലുമായി നടൻ ബാല രംഗത്ത്. കരൾ മാറ്റൽ ശസ്ത്രക്രിയയ്ക്ക് ശേഷം തനിക്ക് തെറ്റായ മരുന്ന് നൽകിയെന്ന ആരോപണമാണ് ബാല ഉന്നയിച്ചിരിക്കുന്നത്. എന്നാല് മരുന്ന് നൽകിയ ആളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്താൻ താരം തയാറായില്ല. കരൾ രോഗത്തിൽ നിന്നും രക്ഷപ്പെട്ട തന്നെ ഈ ചതിയിൽ നിന്നും ദൈവം വീണ്ടും രക്ഷിച്ചുവെന്നും ബാല പറഞ്ഞു. ഗലാട്ട മീഡിയ എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വിവാദ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്.
‘‘ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല. നമുക്ക് ഒന്നും ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങളുണ്ട്. എനിക്ക് മുൻവിവാഹത്തിൽ നിന്ന് ഒരു കുട്ടിയുണ്ടെന്ന് എല്ലാവർക്കും അറിയാം. ഔദ്യോഗികമായി ഇത് എന്റെ രണ്ടാമത്തെ വിവാഹമാണ്. ഇപ്പോൾ, ഞങ്ങൾ സ്വർഗത്തിലാണ് ജീവിക്കുന്നത്. ദൈവം നമുക്കായി സ്വർഗത്തിലേക്കുള്ള വാതിൽ തുറക്കുന്ന ഒരു സമയമുണ്ട്. ഞങ്ങൾ രണ്ടുപേരും ഇപ്പോൾ അത് ആസ്വദിക്കുന്നു. എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ മുതൽ കോകിലയെ അറിയാം. അവൾ എന്റെ മാതൃസഹോദരന്റെ മകളാണ്. ജീവിതത്തിന് ഉയർച്ച താഴ്ചകളുണ്ട്. എനിക്ക് രണ്ട് ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് മുമ്പ്, ബാല മരിച്ചുവെന്ന വാർത്ത പരന്നു, പക്ഷേ ഇതാ ഞാൻ, നിങ്ങളുടെ ചാനലിന് മുന്നിൽ എന്നെത്തന്നെ പരിചയപ്പെടുത്തുന്നു.
കഴിഞ്ഞ വർഷം, എന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം, എനിക്ക് തെറ്റായ മരുന്ന് നൽകി. അത് നൽകിയ ആളുടെ പേര് ഞാൻ പറയില്ല. പക്ഷേ ഇക്കാര്യമറിയാതെ കുറേ നാളുകൾ ആ മരുന്ന് കഴിച്ചു. പക്ഷേ അപ്പോഴും, ദൈവം എന്നെ രക്ഷിച്ചു. അതിനുശേഷം 10 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ആ സമയത്ത് ആരും എന്നെ കാണാൻ വന്നില്ല. ആ 10 ദിവസത്തിനിടയിൽ, എന്റെ രണ്ടുകൈകളിലും ട്യൂബുകളുണ്ടായിരുന്നു. കുളിക്കുക, ഭക്ഷണം കഴിക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ ചെയ്യിപ്പിക്കാൻ ഒരു അമ്മയ്ക്ക് മാത്രമേ കഴിയൂ. അത് ഞാൻ കോകിലയിൽ കണ്ടു. ഇവൾ എന്നെ സ്നേഹിക്കുന്നത് യഥാർഥമാണെന്ന് മനസ്സിലായി. അവളുടെ പക്വത എന്നെക്കാൾ അധികമാണെന്ന് തിരിച്ചറിഞ്ഞു.
ഞാൻ ആശുപത്രിയിലായ സമയത്ത് മരിച്ചെന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നു. എനിക്ക് ഒരു മണിക്കൂർ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവർ വെന്റിലേറ്റർ ഓഫ് ചെയ്യാൻ പോവുകയായിരുന്നു. അതിന് എന്റെ അമ്മയുടെ അനുമതി ചോദിച്ചു. എന്റെ ആന്തരിക അവയവങ്ങൾ പ്രവർത്തിക്കാതെയായി. എന്റെ തലച്ചോറ്, വൃക്കകൾ, കരൾ, ആന്തരിക അവയവങ്ങൾ എല്ലാം പ്രവർത്തിക്കാതെയായി. അമ്മ ആ സമയത്ത് ചെന്നൈയിലായിരുന്നു. അപ്പോഴേക്കും ഞാൻ മരിച്ചുവെന്ന വാർത്ത പുറത്തുവന്നു കഴിഞ്ഞു.
പോസ്റ്റ്മോർട്ടം നടത്തി ബോഡി പുറത്തേക്കു വിടാൻ വരെ തീരുമാനിച്ചു. കാരണം ആശുപത്രിക്ക് പുറത്ത് വലിയ ജനക്കൂട്ടമാണ്. അവരെ കൈകാര്യം ചെയ്യുക എളുപ്പമല്ല. ആ സമയത്ത്, അരമണിക്കൂറിനുള്ളിൽ ഒരു അദ്ഭുതം സംഭവിച്ചു. പീന്നിട് ഈ സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് മുഴുവനായി പഠിച്ചു. നിങ്ങൾ വിശ്വസിക്കില്ല, ലോകമെല്ലാം എനിക്കുവേണ്ടി പ്രാർഥിച്ചു.
ഞാനിപ്പോൾ വലിയ ഡ്രാമ നേരിട്ടുകൊണ്ടിരിക്കുകയാണ്. നിയമത്തിൽ കുറച്ച് വിശ്വാസക്കുറവുണ്ട്. അതിലെ ചില കാര്യങ്ങളിൽ തെറ്റുണ്ട്. അതുമൂലം കുറേപ്പേർ ബുദ്ധിമുട്ടുന്നുണ്ട്. സ്ത്രീ–പുരുഷ വ്യത്യാസം അതിലില്ല. അതിൽ മാറ്റങ്ങൾ വന്നാൽ ഈ തലമുറയ്ക്ക് വിവാഹത്തിന്റെ പവിത്രതയിലുള്ള വിശ്വാസം വർധിക്കും.’’–ബാല വ്യക്തമാക്കി.
The post ശസ്ത്രക്രിയയ്ക്ക് ശേഷം എനിക്ക് തെറ്റായ മരുന്ന് നൽകി; വെളിപ്പെടുത്തലുമായി നടൻ ബാല appeared first on Malayalam Express.