കൊച്ചി: ജൂൺ ഒന്നുമുതൽ ആരംഭിക്കാനിരിക്കുന്ന സിനിമ സമരത്തിനു മുൻപ് സമവായ ചർച്ചയ്ക്ക് തയാറായി സംഘടനകൾ. സംഘടനകൾ സംയുക്തമായി സർക്കാരിനെ കാണാൻ തീരുമാനിച്ചു. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നികുതി കുറയ്ക്കുന്നത് ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും. ആന്റണി പെരുമ്പാവൂരിന് നൽകിയ നോട്ടീസ് പിൻവലിക്കുമെന്നും കേരള ഫിലിം ചേംമ്പർ അറിയിച്ചു. മാർച്ച് 5ന് ചേംമ്പർ യോഗം ചേരും. സംഘടനകൾ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചു. നിർമാതാവ് സുരേഷ് കുമാറിനെതിരായി ഇട്ട ഫെയ്സ്ബുക് പോസ്റ്റ് പിൻവലിക്കുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചതായും ജേക്കബ് പറഞ്ഞു.
സിനിമകളുടെ നിർമാണച്ചെലവ് വൻതോതിൽ കൂടിയെന്നും താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ സിനിമാമേഖലയിൽ ജൂണിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അതിനു മുന്നോടിയായി സൂചനാ പണിമുടക്ക് നടത്തുമെന്നും അറിയിച്ചിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നത് അടക്കം ആവശ്യപ്പെട്ട നിർമാതാവ് ജി.സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വിവാദമായിരുന്നു
The post സിനിമ സമരത്തിനു മുൻപ് സമവായ ചർച്ചയ്ക്ക് തയാറായി സംഘടനകൾ appeared first on Malayalam Express.