ജോലിക്ക് ആവശ്യമായ രീതിയിൽ വസ്ത്രധാരണം നടത്തേണ്ടി വരുന്നത് ഒരു അനിവാര്യതയാണെന്ന് നടി ആരാധ്യാ ദേവി. ഇൻഡസ്ട്രിയിലുള്ള എല്ലാ നടിമാരും ചെയ്യുന്ന കാര്യമാണതെന്നും താരം സമൂഹ മാധ്യമത്തിൽ കുറിച്ചു. ഒരു നടി എന്ന നിലയിൽ ഏറ്റെടുത്ത കഥാപാത്രത്തോട് പൂർണമായി നീതി പുലർത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും താരം പറയുന്നു. ഗ്ലാമറസായി സിനിമയിലും പൊതുവേദികളിലും പ്രത്യക്ഷപ്പെടുന്നതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
എല്ലാ മനുഷ്യരുടെയും കാഴ്ചപ്പാടുകളും തീരുമാനങ്ങളും സാഹചര്യങ്ങളനുസരിച്ച് മാറിമറിഞ്ഞേക്കാമെന്നും താരം ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തനിക്കെതിരെ മാത്രം നെഗറ്റീവ് കമന്റുമായി വരുന്നതെന്തിനെന്ന മനസ്സിലാകുന്നില്ല. തന്റെ ജീവിതം തന്റേത് മാത്രമാകുമ്പോൽ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളും സ്വന്തം ഇഷ്ടപ്രകാരമായിരിക്കുമെന്നും താരം വ്യക്തമാക്കി.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
‘‘സിനിമയിൽ ഗ്ലാമറസായി വസ്ത്രങ്ങൾ ധരിച്ചതിനും വ്യക്തിജീവിതത്തിൽ ഞാൻ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും ചിലർ പതിവായി നെഗറ്റീവ് കമന്റുകൾ ഇടുകയും എന്നെ ട്രോൾ ചെയ്യുകയുമാണ്. മറ്റ് നിരവധി നടിമാർ ഇത് ചെയ്യുന്നുണ്ടെങ്കിലും എന്തിനാണ് എന്നെ മാത്രം ലക്ഷ്യമിട്ട് ഇത്തരത്തിൽ ട്രോൾ ചെയ്യുന്നത്, എന്നാണ് എനിക്ക് മനസ്സിലാകാത്ത കാര്യം. ഗ്ലാമറസായി വസ്ത്രം ധരിക്കില്ല എന്ന് ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്, അത് പക്ഷേ സിനിമയിലേക്ക് കടന്നുവരുന്നതിനും സിനിമ എന്തെന്ന് മനസ്സിലാക്കുന്നതിനും മുൻപായിരുന്നു. എല്ലാ മനുഷ്യരെയും പോലെ എന്റെ ജോലിയുടെ ആവശ്യകതയനുസരിച്ച് എന്റെ കാഴ്ചപ്പാടുകളും പെരുമാറ്റവും മാറി എന്ന് വരാം. അത് കാപട്യമല്ല, മറിച്ച് അത് കൂടുതൽ പഠിക്കുകയും സാഹചര്യങ്ങളോട് പൊരുത്തപ്പെടലുമാണ്.
‘സാരി’ എന്ന സിനിമ എന്നെത്തേടി എത്തിയപ്പോൾ അതിലെ കഥയും കഥാപാത്രവുമാണ് എന്നെ ആവേശഭരിതയാക്കിയത്. തിരക്കഥ വായിച്ചപ്പോൾ ഗ്ലാമർ ആ സിനിമയുടെ ഒരു അനിവാര്യ ഘടകമാണെന്ന് എനിക്ക് ബോധ്യമായി. ഒരു നടിയാകാൻ ഞാൻ തീരുമാനിച്ചതിനാൽ ആ ജോലിക്ക് ആവശ്യമായ രീതിയിൽ വസ്ത്രധാരണം നടത്തേണ്ടി വരുക അനിവാര്യതയാണ്. അത് ഇൻഡസ്ട്രിയിലുള്ള എല്ലാ നടിമാരും ചെയ്യുന്ന കാര്യമാണ്.
എന്നെ ട്രോളുന്നവരോട് പറയാനുള്ളത്, അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തെ ഞാൻ മാനിക്കുന്നു, പക്ഷേ എനിക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നിരിക്കെ ഇനിയും ഇത്തരത്തിൽ എന്നെ ജഡ്ജ് ചെയ്യാനാണ് പോകുന്നതെങ്കിൽ ഞാൻ അത് നിങ്ങളുടെ തീരുമാനത്തിന് വിടുകയാണ്.
ഒരു നടി എന്ന നിലയിൽ ഞാൻ ഏറ്റെടുത്ത കഥാപാത്രത്തോട് പൂർണമായി നീതി പുലർത്താൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ എന്റെ തീരുമാനങ്ങൾ എന്റെ മാത്രം ബോധ്യത്തെ അടിസ്ഥാനമാക്കിയായിരിക്കും. അല്ലാതെ മറ്റുള്ളവരുടെ നെഗറ്റീവ് കമന്റ് കണ്ട് എന്റെ കാഴ്ചപ്പാടുകൾ മാറുമെന്ന് കരുതരുത്. എനിക്ക് താൽപ്പര്യമുള്ളിടത്തോളം കാലം ഏത് തരത്തിലുള്ള വേഷവും ഞാൻ ചെയ്യുകയും ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെയും സിനിമയുടെയും ആവശ്യകതയോട് കൂറുപുലർത്തുകയും ചെയ്യും.
എന്റെ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നവരോട് നന്ദിയുണ്ട്. അതുപോലെ തന്നെ എന്നെ പിന്തുണയ്ക്കാത്തവരോട് പറയാനുള്ളത്, എന്റെ യാത്ര എന്റേത് മാത്രമാണെന്ന് നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച അതേ ആത്മവിശ്വാസത്തോടെയും അഭിനിവേശത്തോടെയും എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ തുടർന്നും ചെയ്യും. ഇത് എന്റെ ജീവിതമാണ്, ഇത് എന്റെ തിരഞ്ഞെടുപ്പാണ്,നന്ദി.’’– ആരാധ്യ ദേവി കുറിച്ചു.
The post എല്ലാ നടിമാരും ചെയ്യുന്നതേ ഞാനും ചെയ്യുന്നുള്ളു; വിമർശനങ്ങൾക്ക് മറുപടിയുമായി നടി ആരാധ്യാ ദേവി appeared first on Malayalam Express.