
ചൂട് കൂടുകയായതിനാല് എസി ഉപയോഗിക്കാതെ ഉറങ്ങുകയെന്നത് പ്രയാസമേറി വരികയാണ്. എന്നാല്‍ ഉറങ്ങുമ്പോള്‍, എസിയില്‍ താപനില എത്രയാണ് ക്രമീകരിക്കേണ്ടതെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. 24 ഡിഗ്രി സെല്‍ഷ്യസ് ആയി സജ്ജമാക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
റൂം എയര്‍ കണ്ടീഷണറുകളുടെ (ആര്‍എസി) ഡിഫോള്‍ട്ട് താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കണമെന്ന് ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സിയും (ബിഇഇ) ഊര്‍ജ ഉപഭോഗം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരും നിര്‍ദേശിക്കുന്നുണ്ട്. ബിഇഇ സ്റ്റാര്‍ ലേബലിംഗ് പ്രോഗ്രാമിന്റെ പരിധിയില്‍ വരുന്ന എല്ലാ റൂം എയര്‍ കണ്ടീഷണറുകള്‍ക്കും 2020 ജനുവരി 1 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് ഡിഫോള്‍ട്ട് ക്രമീകരണം നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.
വൈദ്യുതി ബില്ലിലും ഗുണം
ഉറങ്ങുമ്പോള്‍ ശരിയായ താപനില ക്രമീകരിക്കുന്നത് നിങ്ങളുടെ വൈദ്യുതി ബില്ലില്‍ കുറവുവരുത്തുകയും ചെയ്യും. കുറഞ്ഞ താപനില നിലനിര്‍ത്താന്‍ എയര്‍ കണ്ടീഷണറുകള്‍ കൂടുതല്‍ ഊര്‍ജം ഉപയോഗിക്കും. എന്നാല്‍ അകത്തെ താപനില പുറത്തേതിനോട് അടുക്കുന്തോറും എസി പ്രവര്‍ത്തിക്കേണ്ടിവരുന്നത് കുറയുകയും അത് ഊര്‍ജ ഉപഭോഗം താഴ്ത്തുകയും ചെയ്യും.
ഉദാഹരണത്തിന് താപനില 18 ആയാണ് സജ്ജമാക്കുന്നതെങ്കില് എസി, വേഗത്തില്‍ മുറിയിലെ അന്തരീക്ഷം തണുപ്പിക്കുന്നില്ലെന്ന് മാത്രമല്ല, കൂടുതല്‍ വൈദ്യുതി ഉപയോഗപ്പെടുത്തുകയും ചെയ്യും. അതിനാല്‍ എസി അതിന്റെ ഡിഫോള്‍ട്ട് താപനിലയില്‍ നിലനിര്‍ത്തുന്നതാണ് നല്ലത്.
മുറിയിലെ സുഖകരമായ അന്തരീക്ഷത്തിന്
മുറിയില്‍ ഡിഹ്യുമിഡിഫയര് ഉപയോഗിക്കുന്നത് സുഖകരമായ അന്തരീക്ഷം നിലനിര്‍ത്താന്‍ സഹായിക്കും. കൂടാതെ ശരിയായ വായുസഞ്ചാരം നിങ്ങളുടെ മുറി വേഗത്തില്‍ തണുപ്പിക്കുകയും ചെയ്യും. വായുസഞ്ചാരം എസിയുടെ തണുപ്പിക്കല്‍ പ്രഭാവം വര്ദ്ധിപ്പിക്കുന്നതിനാലാണിത്.
തണുത്ത വായു തുല്യമായി വിതരണം ചെയ്യപ്പെടാന്‍, ആവശ്യമെങ്കില്‍ സീലിംഗ് ഫാന്‍ അല്ലെങ്കില്‍ ഒരു പോര്‍ട്ടബിള്‍ ഫാന്‍ ഉപയോഗിക്കുന്നതും നല്ലതാണ്. സ്മാര്‍ട്ട് എസികളാണെങ്കില് മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിക്കാനും ദിവസത്തിലെ വ്യത്യസ്ത സമയങ്ങളില്‍ വേറിട്ട താപനിലകള്‍ സജ്ജമാക്കാനും സഹായിക്കും.