
നമുക്ക് ഇഷ്ടമുള്ളതും താത്പര്യമുള്ളതും എപ്പോഴും ഓര്‍മ്മയിലുണ്ടാകും. അതായത് നാം പ്രാധാന്യം കൊടുക്കുന്ന കാര്യങ്ങള്‍ മറക്കാറില്ലെന്ന് ചുരുക്കം. പഠനത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. നമുക്ക് ഇഷ്ടമുള്ള പാഠഭാഗങ്ങള്‍ ഓര്‍മ്മയിലുണ്ടാകും. അതിനാല്‍, എന്തുകൊണ്ടാണ് മറന്നുപോകുന്നത് എന്നത് ആദ്യം പരിശോധിക്കണം. അര്‍ത്ഥം മനസ്സിലാക്കാതെ കാണാപ്പാഠം പഠിക്കുമ്പോള്‍ മറന്നുപോകാം. പരിപൂര്‍ണ ശ്രദ്ധ കൊടുക്കാതെ പഠിച്ചാലും മറന്നുപോകാനിടയുണ്ട്. അതിനാല്‍ ഓര്‍മ്മ ഉഷാറാക്കാന്‍ ഇതാ 10 വഴികള്‍.
സ്വസ്ഥമായി പഠിക്കുക: ശല്യങ്ങളില്ലാത്ത ഇടത്തിരുന്നുവേണം പഠിക്കാന്‍. മറ്റെന്തിലെങ്കിലും ഏര്‍പ്പെട്ടുകൊണ്ടോ വേറെന്തിലെങ്കിലും ശ്രദ്ധിച്ചുകൊണ്ടോ പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. നിശ്ചിത സമയം ക്രമീകരിച്ച് അന്നന്നത്തെ പാഠഭാഗങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. പരിപൂര്‍ണ ശ്രദ്ധ പഠനത്തില്‍ പുലര്‍ത്തുക.
അര്‍ത്ഥം മനസ്സിലാക്കി പഠിക്കാം: കാണാതെ പഠിക്കുന്ന ശൈലിയാണ് കൂടുതല്‍ വിദ്യാര്‍ഥികളും പിന്തുടരുന്നത്. എന്നാല്‍ പലപ്പോഴും മറന്നുപോകാനിടയാകും. പഠിച്ചതില്‍ ഒരു വാക്ക് കിട്ടാതാകുമ്പോഴേക്കും പരിഭ്രമിക്കുകയും ബാക്കി ഭാഗം കൂടി മറന്നുപോവുകയോ തെറ്റായി വരികയോ ചെയ്യും. അതിനാല്‍ പാഠഭാഗത്തിന്റെ അര്‍ത്ഥം മനസ്സിലാക്കി വേണം പഠിക്കാന്‍. അങ്ങനെയെങ്കില്‍ അത് ഓര്‍മ്മയില്‍ തങ്ങിനില്ക്കും.
ആവര്‍ത്തന വായന: കഴിഞ്ഞ മാസമോ, ആഴ്ചയോ പഠിച്ചത് വീണ്ടുമെടുത്ത് വായിക്കുക. ഇത് ഓര്‍മ്മയുടെ പൊടിതട്ടല്‍ പ്രക്രിയയാണ്. അപ്പോള്‍ അക്കാര്യം കൂടുതല്‍ മനസ്സില്‍ പതിയാനിടയാകും. ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.
മതിയായ ഉറക്കം: എട്ട് മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തണം. ഉറക്കം കുറഞ്ഞാല്‍ ഓര്‍മ്മയില്‍ നിന്ന് പല കാര്യങ്ങളും ചോര്‍ന്നുപോകും. കൂടാതെ ഉന്മേഷവും ഉണര്‍വ്വും നഷ്ടമാവുകയും ചെയ്യും. ക്ഷീണമനുഭവപ്പെടുക കൂടി ചെയ്യുന്നതോടെ പരീക്ഷകളില്‍ പ്രകടനം മോശമാകാനുമിടയുണ്ട്.
ഓര്‍ത്തുവയ്ക്കാന്‍ കുറുക്കുവഴികള്‍: പാഠഭാഗങ്ങള്‍ പാട്ട്, കഥ, ഷോര്‍ട്ട് ഫോം, ചിത്രം എന്നിവയായി മനസ്സില്‍ ഓര്ത്തുവച്ചുനോക്കൂ. എളുപ്പത്തില്‍ പതിയുകയും ഓര്‍ത്തെടുക്കാനാവുകയും ചെയ്യും. പഠനം ഇഷ്ടവും താത്പര്യവുമുള്ളതാക്കി മാറ്റണം. അതിന് അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായം കുട്ടികള്‍ക്ക് അനിവാര്യവുമാണ്.
ജീവിതവുമായി ബന്ധിപ്പിക്കുക: പാഠഭാഗത്തെ ജീവിതത്തിലെ ദൈനംദിന കാര്യങ്ങളുമായി ഏതെങ്കിലും തരത്തില്‍ ബന്ധിപ്പിക്കാനായാല്‍ അതും ഓര്‍മ്മയില്‍ നില്ക്കാന് സഹായിക്കും. പ്രകാശസംശ്ലേഷണമാണ് പാഠഭാഗമെങ്കില് വീട്ടിലെ ചെടികളെ ഓര്‍ത്തുനോക്കൂ. അവയുമായി അതിനെ ബന്ധിപ്പിച്ചുനോക്കൂ. എളുപ്പത്തില്‍ മനസ്സിലാക്കാനും ഓര്‍ത്തുവയ്ക്കാനും കഴിയും.
പരിപൂര്‍ണ ശ്രദ്ധ: അദ്ധ്യാപകര്‍ ക്ലാസെടുക്കുമ്പോള്‍ പരിപൂര്‍ണ ശ്രദ്ധ പുലര്‍ത്തുക. പാഠഭാഗങ്ങള്‍ വായിക്കുമ്പോഴും പരിപൂര്‍ണമായി അതില്‍ തന്നെ ശ്രദ്ധിക്കുക. എങ്കിലേ മനസ്സിലാക്കി പഠിച്ച് ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂ.
അതേദിവസം പഠിക്കാം: അദ്ധ്യാപകര്‍ ക്ലാസില്‍ പറഞ്ഞ കാര്യങ്ങള്‍ അന്നുതന്നെ പാഠഭാഗം വായിച്ച് മനസ്സിലാക്കിയാല്‍ എളുപ്പം ഹൃദിസ്ഥമാക്കാനാകും. പകരം പരീക്ഷയുടെ തലേന്നാളാണ് പഠിക്കുന്നതെങ്കില്‍ അദ്ധ്യാപകര്‍ ക്ലാസില്‍ പറഞ്ഞ കാര്യങ്ങളൊന്നും ഓര്മ്മയിലില്ലാതിരിക്കുകയും പാഠഭാഗങ്ങള്‍ പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരികയും ചെയ്യും.
ഇടയ്ക്ക് ഓര്‍ത്തുനോക്കുക: പഠിച്ച കാര്യങ്ങള്‍ ഇടയ്ക്ക് ഓര്‍ത്തുനോക്കാന്‍ ശ്രമിക്കുക. ഓര്‍മ്മയില്‍ കിട്ടുന്നില്ലെങ്കില്‍ പുസ്തകം നോക്കി ഓര്‍മ്മ പുതുക്കുക. ഈ പ്രക്രിയ എപ്പോഴും ഓര്‍മ്മയെ സജീവമാക്കി നിര്‍ത്താനും ജാഗ്രതയോടെ പഠിക്കാനും സഹായിക്കും.
റിലാക്സ് ചെയ്യുക: പഠനത്തില്‍ ഇടയ്ക്ക് ഇടവേളയെടുത്ത് മനസ്സ് സ്വസ്ഥമാക്കണം. ധ്യാനം, ശ്വസന ക്രിയകള്‍ എന്നിവയിലൂടെ സമ്മര്‍ദം അകറ്റാം. പഠിച്ചത് മറന്നുപോവുന്നുണ്ടോയെന്ന് ഇടയ്ക്കിടെ ചിന്തിക്കേണ്ടതില്ല. മറന്നാലും ആവര്‍ത്തിച്ച് പഠിക്കാന്‍ പോംവഴിയുണ്ടല്ലോയെന്ന് ആശ്വസിക്കാം.