
തിരുവനന്തപുരം: പരീക്ഷാക്കാലമാണ്, നല്ല മാര്‍ക്ക് ലഭിക്കുമോ, മികച്ച തുടര്‍പഠന സാധ്യത തുറന്നുകിട്ടുമോ, പാസാകുമോ, പഠിച്ചത് ഓര്മ്മയിലുണ്ടാകുമോ എന്നുതുടങ്ങി കുട്ടികളില്‍ സ്വാഭാവികമായും പലവിധ ആശങ്കകളുമുണ്ടാകും. വിദ്യാര്‍ഥികളെ പോലെ തന്നെ ചില മാതാപിതാക്കളും പരീക്ഷാക്കാലത്ത് സമ്മര്‍ദത്തില്‍ അകപ്പെടാറുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ ആശങ്ക ലഘൂകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ടോള്‍ ഫ്രീ നമ്പര്‍ സേവനം ഒരുക്കിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സിലിങ് സെല്ലിന്റെ നേതൃത്വത്തില്‍ വി ഹെല്‍പ്പ് എന്ന പേരിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
18004252844 എന്ന ടോള്‍ ഫ്രീ നമ്പറില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 മണിവരെ സഹായം ലഭ്യമാകും. രാത്രി 7 മുതല്‍ 9 വരെ ജില്ലാ തലത്തിലും സേവനം ലഭ്യമാണ്. ബെംഗളൂരു നിംഹാന്‍സില്‍ പരിശീലനം ലഭിച്ചവരാണ് കൗണ്‍സിലിങ് സേവനം നല്‍കുന്നത്. ഏത് പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ഈ ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
ആശങ്കയ്ക്ക് അടിപ്പെട്ടുപോയ മാതാപിതാക്കള്‍ക്കും സേവനം ലഭ്യമാണ്. എന്താണ് ആശങ്കയെന്ന് വ്യക്തമായി ചോദിച്ചറിഞ്ഞ് ആ സമ്മര്‍ദത്തില്‍ നിന്ന് വിദ്യാര്‍ഥിയെ അല്ലെങ്കില്‍ പ്രസ്തുത വ്യക്തിയെ മോചിപ്പിച്ച് ധൈര്യപൂര്‍വം പരീക്ഷയെ നേരിടാന്‍ മാനസികമായി സന്നദ്ധമാക്കുകയെന്നതാണ് വി ഹെല്പ്പിന്റെ ലക്ഷ്യം.