ചെന്നൈ: തനിക്ക് ഒമ്പതാം വയസ്സില്‍ ചെസ് മത്സരത്തില്‍ വിജയിച്ചതിന് സമ്മാനമായി ലഭിച്ചത് ‘ബോറിസ് സ്പാക്സിയുടെ മികച്ച 100 ഗെയിമുകള്‍’ എന്ന പുസ്തകമാണെന്ന് കണ്ണീരിന്റെ നനവുള്ള ഓര്‍മ്മയില്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ്. ഫെബ്രുവരി 28 വെള്ളിയാഴ്ചയാണ് ചെസ്സിലെ ഇതിഹാസമായ റഷ്യന്‍ ഗ്രാന്റ്മാസ്റ്റര്‍ ബോറിസ് സ്പാസ്കി തന്റെ 88ാം വയസ്സില്‍ അന്തരിച്ചത്.
“ഇന്നലെ ബോറിസ് സ്പാക്സിയുടെ ദുഖകരമായ മരണവാര്‍ത്ത കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. അപ്പോള്‍ ബെര്‍നാഡ് കാഫെര്ട്ടി എഴുതിയ ബോറിസ് സ്പാസ്കിയുടെ 100 മികച്ച ഗെയിമുകള്‍ എന്ന പുസ്തകം ഞാന്‍ ഓര്‍ത്തുപോയി. ഒമ്പതാം വയസ്സില്‍ ഒരു ചെസ് മത്സരത്തില്‍ വിജയിച്ചതിന് എനിക്ക് ലഭിച്ചതായിരുന്നു ഈ പുസ്തകം. “- വിശ്വനാഥന് ആനന്ദ് എഴുതുന്നു.

“ഈ പുസ്തകത്തില്‍ ബോറിസ് സ്പാസ്കിയുടെ ജീവചരിത്രം ചുരുക്കി മുഖവുരയായി നല്‍കിയിട്ടുണ്ട്. ലോകചെസ് ചാമ്പ്യന്‍ പട്ടത്തിലേക്കുള്ള ബോറിസ് സ്പാസ്കിയുടെ യാത്രയെക്കുറിച്ച് ഈ അവസരത്തില്‍ ഓര്‍മ്മിക്കണമെന്ന് ഞാന്‍ മോഹിച്ചു”. – ആനന്ദ് എഴുതുന്നു.
യുഎസ്എസ് ആര് ചാമ്പ്യന്‍ഷിപ്പിന് വേണ്ടി 1958ല്‍ റഷ്യയിലെ(പഴയ യുഎസ്എസ്ആര്‍) റിഗയില് പോരാടിയപ്പോള്‍ ബോറിസ് സ്പാസ്കിക്ക് മിഖായേല്‍ താളിനോട് ഉണ്ടായിരുന്ന ശത്രുതയുടെ ഒരു കഥ ആനന്ദ് ഓര്‍മ്മിച്ചു. “ഈ ഏറ്റുമുട്ടലിന്റെ അവസാന മത്സരത്തില്‍ വിജയിക്കേണ്ട ഒരു ഗെയിം ബോറിസ് സ്പാസ്കി തുലച്ചുകളഞ്ഞു. പിന്നീട് അതോര്‍ത്ത് അദ്ദേഹം തെരുവില്‍ ഉറക്കെ പൊട്ടിക്കരഞ്ഞു.മത്സരത്തിന് മുന്‍പ് ഷേവ് ചെയ്യാത്തതിനാലാണ്, ശരിയായ കോട്ട് ധരിക്കാത്തതിനാലാണ് താന്‍ തോറ്റതെന്നെല്ലാം ബോറിസ് സ്പാസ്കി ഉള്ളില്‍ വിഷമിച്ചു “- ആനന്ദ് എഴുതി.
1972ല്‍ റെയ്ക് ജാവികില് ബോറിസ് സ്പാസ്കിയും അമേരിക്കയുടെ ബോബി ഫിഷറും തമ്മില്‍ ലോക ചെസ് കിരീടത്തിന് വേണ്ടി നടത്തിയ പോരാട്ടത്തെക്കുറിച്ചും ആനന്ദ് ഓര്‍മ്മിച്ചു. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചെസ് പോരാട്ടമായാണ് സ്പാസ്കി-ഫിഷര്‍ മത്സരത്തെ ലോകം വിശേഷിപ്പിച്ചത്. ഈ മത്സരത്തില്‍ ബോബി ഫിഷര്‍ വിജയിച്ചു എന്ന് മാത്രമല്ല, അതുവരെ ലോകചെസ്സില്‍ ഉണ്ടായിരുന്ന റഷ്യയുടെ മേഥാവിത്വം അതോടെ അവസാനിക്കുകയും ചെയ്തു. “ഈ തോല്‍വിയുടെ വിഷമത്തില്‍ ജന്മനാടായ റഷ്യ വിട്ട് സ്പാസ്കി ഫ്രാന്‍സിലേക്ക് കുടിയേറുകയായിരുന്നു. അതിന് റഷ്യ അനുമതിയും നല്കി.”- ആനന്ദ് കുറിച്ചു.
ആനന്ദ് സ്പാസ്കിയെ കണ്ടുമുട്ടിയപ്പോള്‍
ചെസ്സില്‍ ലോക ജൂനിയര്‍ ചാമ്പ്യനായപ്പോഴാണ് ആനന്ദ് ബോറിസ് സ്പാസ്കിയെ കണ്ടുമുട്ടിയത്. “അദ്ദേഹം അപ്പോഴും കരുത്തനായ ചെസ് താരമായിരുന്നു. നല്ല നര്‍മ്മ ബോധമുള്ള അദ്ദേഹം പറയുന്ന തമാശ പലപ്പോഴും കൂടെയുള്ളവരോട് ചോദിച്ചാണ് ഞാന്‍ അര്‍ത്ഥം മനസ്സിലാക്കിയിരുന്നത്. മൊറോസേവിച്ചുമായി ബോറിസ് സ്പാസ്കി നടത്തിയ ഒരു സംഭാഷണത്തെക്കുറിച്ച് ഞാന്‍ ബോറിസ് ഗെല്ഫാന്റിനോട് ചോദിച്ചപ്പോള്‍ ബോറിസ് ഗെല്‍ഫാന്റ് ചിരിച്ച് മറിഞ്ഞു. ഇതിലെ നര്മ്മത്തിനുള്ളില് ഒട്ടേറെ കഥകള്‍ ഒളിഞ്ഞിരിപ്പുള്ളതിനാല് വിശദീകരിക്കുക എളുപ്പമല്ല. പക്ഷെ അദ്ദേഹം നല്ല നര്മ്മബോധമുള്ളയാളായിരുന്നു. ജീവിതത്തില്‍ പ്രതീക്ഷകളുടെ ഭാരമില്ലാത്തതിനാല്‍(മരണശേഷം) അദ്ദേഹത്തിന് ഇപ്പോള്‍ ജീവിതം കൂടുതല്‍ ലളിതമായി തോന്നുന്നുണ്ടാകാം. എന്തായാലും അദ്ദേഹം ജീവിതം വളരെയധികം ആസ്വദിച്ച ആളാണ്. അതുകൊണ്ട് ആ പുസ്തകം ഞാന്‍ വീണ്ടും വായിച്ചു. ലോകചാമ്പ്യനാകാന്‍ അദ്ദേഹം എന്തൊക്കെ തടസ്സങ്ങളാണ് മറികടന്നത്.”- ആനന്ദ് ഓര്‍മ്മിയ്ക്കുന്നു.
എന്തായാലും ബോറിസ് സ്പാസ്കി വിടവാങ്ങിയതോടെ ചെസ് എന്ന ഗെയിമിന് ഒരു ഇതിഹാസത്തെ നഷ്ടമായി. ബോറിസ് സ്പാസ്കിയെ അറിയാമായിരുന്നു എന്നത് അധികം പേര്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത വലിയൊരു വിശേഷഭാഗ്യമായി ഞാന്‍ കരുതുന്നു.- കുറിപ്പ് അവസാനിപ്പിച്ചുകൊണ്ട് ആനന്ദ് നിര്‍ത്തുന്നു.