കീവ്: വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള വാഗ്വാദത്തില്‍ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി. ശാശ്വതമായ സമാധാനത്തിന് ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി സെലെന്‍സ്കി എക്സില്‍ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നു. ധാതു ഖനന കരാര്‍ ഏത് സമയത്തും ഒപ്പിടാന്‍ തയ്യാറാണെന്നും സെലന്‍സ്കി പറയുന്നു.
‘യുക്രെയ്നിനെക്കാള്‍ സമാധാനം ആഗ്രഹിക്കുന്ന ആരും ഇല്ല. സമാധാനത്തിനായി ഡോണള്‍ഡ് ട്രംപിന്റെ ശക്തമായ നേതൃത്വത്തിനു കീഴില്‍ പ്രവര്‍ത്തിക്കാന്‍ താനും തന്റെ സംഘവും തയ്യാറാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തടവുകാരുടെ മോചനവും ആകാശയുദ്ധം താല്കാലികമായി നിര്‍ത്തിവയ്ക്കലുമായിരിക്കണം ആദ്യഘട്ടം. മിസൈല്‍, ദീര്‍ഘദൂര ഡ്രോണുകള്‍, ബോംബ് എന്നിവയുടെ നിരോധനവും കടല്‍മാര്‍ഗമുള്ള ആക്രമണങ്ങളും റഷ്യ അവസാനിപ്പിച്ചാല്‍ യുക്രെയ്നും അതുപോലെ ചെയ്യും. പിന്നീട് വളരെ വേഗത്തില്‍ തുടര്‍നടപടികള്‍ സ്വീകരിച്ച് മുന്നോട്ടുപോകുകയും യുഎസുമായി സഹകരിച്ച് ശക്തമായ അന്തിമ കരാറില്‍ എത്തിച്ചേരുകയും ചെയ്യാം.’സെലന്‍സ്കി പറഞ്ഞു.
Also Read: ഡബ്ല്യുഡബ്ല്യുഇ മുൻ സിഇഒ ലിൻഡ മക്മഹോണിനെ അമേരിക്കൻ വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു
യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ അമേരിക്ക എത്രമാത്രം സഹായിച്ചിട്ടുണ്ടെന്ന് ശരിക്കും മനസിലാക്കുന്നു. ട്രംപ് അധികാരത്തിലെത്തിയപ്പോള്‍ ജാവലിന്‍ മിസൈലുകള്‍ തന്നത് യുക്രെയ്നിലുണ്ടാക്കിയ മാറ്റങ്ങള്‍ ഞങ്ങള്‍ ഓര്‍മിക്കുന്നു. അതിനെല്ലാം ഞങ്ങള്‍ നന്ദിയുള്ളവരാണ്. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച പ്രതീക്ഷിച്ച രീതിയില്‍ നടന്നില്ല. അങ്ങനെ സംഭവിച്ചതില്‍ ഖേദമുണ്ട്. കാര്യങ്ങള്‍ ശരിയാക്കേണ്ട സമയമാണിത്. ഭാവിയിലെ സഹകരണവും ആശയവിനിമയവും ക്രിയാത്മകമായിരിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സെലെന്‍സ്കി വ്യക്തമാക്കി.
ധാതുക്കളുടെ സുരക്ഷ സംബന്ധിച്ച കരാര്‍ ഏത് സമയത്തും ഏത് സൗകര്യപ്രദമായ രൂപത്തിലും ഒപ്പുവയ്ക്കാന്‍ യുക്രെയ്ന് തയ്യാറാണ്. കൂടുതല്‍ സുരക്ഷയിലേക്കും ശക്തമായ സുരക്ഷാ ഉറപ്പുകളിലേക്കുമുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ഈ കരാറിനെ കാണുന്നത്. അത് ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വൊളോഡിമിര്‍ സെലെന്‍സ്കി എക്സില്‍ കുറിച്ചു.
The post ‘യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി കരാറിന് ആഗ്രഹിക്കുന്നു’; മാപ്പു പറഞ്ഞ് സെലെന്‍സ്കി appeared first on Malayalam News, Kerala News, Political News | Express Kerala.