പുരുഷന്മാരുടെ സംരക്ഷണത്തിൽ കഴിയുന്നവർ എന്ന ലേബലിൽ നിന്ന് സ്ത്രീകൾ പുറത്തു കടക്കാൻ ശ്രമിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. അത് അവരുടെ ജീവിതത്തിൽ തന്നെ മാറ്റം വരുത്തുന്നുണ്ട്. സ്ത്രീകൾ ഒറ്റക്ക് യാത്ര ചെയ്യാൻ തുടങ്ങിയതും അത്തരം മാറ്റങ്ങളുടെ ഫലമായാണ്. 10,000 സ്ത്രീകളിൽ നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ള അക്വാറ്റെറ അഡ്വഞ്ചേഴ്സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം നാൽപ്പതുകളുടെ മധ്യത്തിലുള്ള സ്ത്രീകൾ കൂടുതലും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവരാണ്.
കഴിഞ്ഞ 30 വർഷത്തിനിടയിൽ സാഹസിക യാത്രകളിൽ, 50% സ്ത്രീകളും ഒറ്റക്ക് യാത്ര ചെയ്യുന്നവരാണെന്ന് അക്വാറ്റെറ അഡ്വഞ്ചേഴ്സ് അധികൃതർ വ്യക്തമാക്കുന്നു. സാഹസിക യാത്ര മിക്ക വ്യക്തികൾക്കും സമാധാനം, ഏകാന്തത, വ്യക്തിപരമായ വളർച്ച എന്നിവ നൽകുന്നുണ്ട്. പല സ്ത്രീകളും സാഹസിക യാത്രയെ തങ്ങളുടെ നിലവിലെ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാനുമുള്ള മാർഗമായി കണക്കാക്കുന്നതായാണ് റിപ്പോർട്ട്.
സർവേ പ്രകാരം, ഇന്ത്യൻ സ്ത്രീകൾ 45-55 വയസ്സിനിടയിൽ വ്യാപകമായി യാത്ര ചെയ്യാൻ തുടങ്ങുന്നു. കൂടുതൽ സമയവും വരുമാനവും കുടുംബ ഉത്തരവാദിത്തങ്ങളുടെ കുറവുമാണ് ആ പ്രായത്തിലെ യാത്രയുടെ പ്രധാന കാരണങ്ങളായി കാണുന്നത്. ഒറ്റക്ക് യാത്ര ചെയ്യുന്നവർക്ക് സുരക്ഷ പ്രധാനമാണ്. ഒറ്റക്ക് യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും സമാന ചിന്താഗതിക്കാരായ സ്ത്രീകളോടൊപ്പം യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നുവെന്നും സർവേ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ സോളോ യാത്രക്കാരുടെ ഏറ്റവും വലിയ വിഭാഗം 45-55 വയസ്സ് പ്രായമുള്ള സ്ത്രീകളാണ്. അതേസമയം, സ്ത്രീകളിൽ 10% ൽ താഴെ മാത്രമാണ് പ്രധാനമായും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതെന്നും സർവേ വെളിപ്പെടുത്തുന്നു.
സർവേയിൽ പങ്കെടുത്ത സ്ത്രീ സഞ്ചാരികൾക്കിടയിൽ പർവതനിരകൾക്കാണ് പ്രിയം. ഇറ്റലിയിലെ ഡോളോമൈറ്റ്സ്, അർജന്റീനയിലെ അക്കോൺകാഗ്വ, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന മോണ്ട് ബ്ലാങ്ക് സർക്യൂട്ട്, ടാൻസാനിയയിലെ കിളിമഞ്ചാരോ, നേപ്പാളിലെ മനസ്ലു സർക്യൂട്ട് എന്നിവയാണ് ജനപ്രിയ ലക്ഷ്യസ്ഥാനങ്ങൾ.