
2012ലാണ് ബോളിവുഡ് നടി മനീഷ കൊയ്രാളയ്ക്ക് കാന്‍സര്‍ സ്ഥിരീകരിക്കുന്നത്. 2015ല്‍ നടി രോഗമുക്തി നേടി. തുടര്‍ന്നിങ്ങോട്ട് കാന്‍സര്‍ അവബോധ പ്രചരണ രംഗത്ത് സജീവമാണ് മനീഷ. മാരക രോഗം നേരിട്ടതിന്റെ അനുഭവങ്ങള്‍ ഇക്കഴിഞ്ഞയിടെ ഒരു അഭിമുഖത്തില്‍ മനീഷ പങ്കുവച്ചിരുന്നു. ഒരാള്‍ക്ക് കാന്‍സര്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ ആ കുടുംബം എത്രമാത്രം പ്രയാസപ്പെടുമെന്ന് അവര്‍ വിശദീകരിക്കുന്നു.
‘കാന്‍സര്‍ ചികിത്സ രോഗതീവ്രതയനുസരിച്ച് പ്രവചനാതീതമാണ്. ഒരുപക്ഷേ കുടുംബങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുക മാത്രമല്ല, പലപ്പോഴും അവര്‍ സാമ്പത്തികമായി തകരുകയും ചെയ്യുന്നു. അതിനാല്‍ സാമ്പത്തികമായി ദുര്‍ബലരായ രോഗികളെ പിന്തുണയ്ക്കുന്നതിന് കൂടുതല്‍ കാന്‍സര്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍, സര്‍ക്കാര്‍ പിന്തുണയുള്ള സംരംഭങ്ങള്‍ എന്നിവ അനിവാര്യമാണ്’ -മനീഷ കൊയ്രാള പറയുന്നു.
ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയിലെ ഇംപാക്റ്റ് ഫൗണ്ടേഷന്റെ ഭാഗമാണ് മനീഷ കൊയ്രാള. കാന്‍സറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ആളുകള്‍ക്ക് മികച്ച ചികിത്സ ലഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. സാമ്പത്തിക സഹായത്തിനൊപ്പം തന്നെ മാനസികവും വൈകാരികവുമായ പിന്തുണയും രോഗികള്‍ക്ക് ആവശ്യമാണെും നടി വ്യക്തമാക്കുന്നു.
‘ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത സാഹചര്യമാണെങ്കില്‍, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെടുന്നതിന്റെ ദുഃഖം നേരിടാന്‍ ആളുകള്‍ക്ക് മാര്‍ഗനിര്‍ദേശം, കൗണ്‍സിലിംഗ്, പിന്തുണാ സംവിധാനം എന്നിവ ഉറപ്പാക്കണം. ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷേമം ഒരുപോലെ പ്രോത്സാഹിപ്പിക്കപ്പെടണം. അതേസമയം രോഗം വരാതിരിക്കാന്‍ ഓരോരുത്തരും ശ്രദ്ധ വയ്ക്കുകയും വേണം.
അനാരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍, മലിനീകരണം, രാസവസ്തുക്കള്‍, റേഡിയേഷന് ഏല്‍ക്കല്‍ എന്നിവ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. സര്‍ക്കാര്‍ തലത്തില്‍ ബോധവത്കരണ പരിപാടികള്‍ കാര്യക്ഷമമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. അമേരിക്കയിലായിരുന്നു മനീഷയുടെ കാന്‍സര്‍ ചികിത്സ. സുഖം പ്രാപിച്ച ശേഷം സിനിമകളിലും ഒടിടി ഷോകളിലും അവര്‍ സജീവമാണ്.