സംവിധായകൻ അനുരാഗ് കശ്യപിനൊപ്പം സിനിമ ചെയ്യാനൊരുങ്ങി ജോജു ജോർജ്. ഈ അടുത്ത് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ജോജു ജോർജ് അനുരാഗ് കശ്യപിനൊപ്പമുള്ള പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞത്.
‘അനുരാഗ് കശ്യപിനൊപ്പം 2025 ൽ ഒരു സിനിമ ചെയ്യുമെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾ ഒരു കഥ ചർച്ച ചെയ്തു. അത് നല്ലൊരു സ്ക്രിപ്റ്റാണ്,’ എന്ന് ജോജു പറഞ്ഞു. അഭിമുഖത്തിനിടെ ഹിന്ദി ചലച്ചിത്രമേഖലയിൽ എന്താണ് കുറവെന്ന ചോദ്യത്തിന് ബോളിവുഡിൽ എന്താണ് കുറവെന്ന് എനിക്കറിയില്ല, പക്ഷേ മലയാളത്തിൽ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നാണ് ജോജു പറഞ്ഞത്. എല്ലാ പുതിയ സംവിധായകരും വളരെ കഠിനാധ്വാനം ചെയ്യുന്നു, നല്ല സിനിമകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നു, അതിന് നല്ല ഫലങ്ങൾ നേടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോജു ജോർജിന്റെ ‘നാരായണീന്റെ മൂന്നാണ്മക്കള്’ എന്ന സിനിമയാണ് ഒടുവിൽ റിലീസ് ചെയ്തത്. ഒരു കുടുംബത്തിലെ മൂന്നാണ്മക്കളുടേയും അവരുമായി ബന്ധപ്പെട്ട് നിൽക്കുന്നവരുടേയും കഥയുമായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
നിറഞ്ഞ സദസ്സിലാണ് ‘നാരായണീന്റെ മൂന്നാണ്മക്കള്’ മുന്നേറുന്നത്. വിശ്വനാഥനായി അലൻസിയറിന്റേയും സേതുവായി ജോജു ജോര്‍ജിന്റേയും ഭാസ്കറായി സുരാജ് വെഞ്ഞാറമ്മൂടിന്റേയും പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. മൂവരും മത്സരിച്ചഭിനയിച്ചിരിക്കുകയാണ് ചിത്രത്തിൽ. അസാധാരണമായൊരു കഥയുമായി ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
The post അനുരാഗ് കശ്യപിനൊപ്പം 2025 ൽ ഒരു സിനിമ ചെയ്യും: ജോജു appeared first on Malayalam Express.