ഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാള് ഡല്‍ഹി സര്‍ക്കാരിന്റെ ഡിജിറ്റല്‍ വിഭവങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ഡല്‍ഹിയിലെ ബി.ജെ.പി അധ്യക്ഷന്‍ വിരേന്ദ്ര സച്ച്ദേവ. എ.എ.പിയുടെ ഡല്‍ഹിയിലെ പരാജയത്തിന് പിന്നാലെ കാവല്‍ മുഖ്യമന്ത്രിയായ അതിഷിയുടെ നിര്‍ദേശം അനുസരിച്ച് ഡല്‍ഹി സി.എം.ഒ. എന്ന എക്സ് അക്കൗണ്ട് കെജ്രിവാളിന്റെ വ്യക്തിഗത അക്കൗണ്ട് ആക്കി മാറ്റി. ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും ഡിജിറ്റല്‍ കൊള്ളയുമാണ്. കൃത്യമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നാണ് ബി.ജെ.പി. ആവശ്യപ്പെടുന്നത്.
ഡല്‍ഹിയില്‍ എ.എ.പിയുടെ അഴിമതി സര്‍ക്കാരിന്റെ പതനത്തോടെ അരവിന്ദ് കെജ്രിവാള് ഒരു ഡിജിറ്റല്‍ കൊള്ളക്കാരനായി മാറിയിരിക്കുകയാണ്. അദ്ദേഹം നടത്തിയിട്ടുള്ള ഈ ഡിജിറ്റല്‍ കൊള്ളയിലൂടെ സര്‍ക്കാര്‍ വിഭവങ്ങളും ജനങ്ങളുടെ സ്വകാര്യ വിവരങ്ങളും ദുരുപയോഗം ചെയ്തിരിക്കുകയാണ്. ഈ നീക്കത്തിനെതിരേ നിയമപരമായ നടപടി സ്വീകരിക്കണമെന്നാണ് വിരേന്ദ്ര സച്ച്ദേവ എക്സില്‍ കുറിച്ചത്.
പത്ത് വര്‍ഷത്തെ ഭരണത്തിലൂടെ പല അഴിമതികളും കെജ്രിവാള് നടത്തിയിട്ടുണ്ട്. അതില്‍ റേഷന്‍ കാര്‍ഡ് മുതല്‍ ശീഷ് മഹല്‍ വരെയും ഓട്ടോ പെര്‍മിറ്റ് മുതല്‍ മദ്യം വരെയും ഉള്‍പ്പെടും. എന്നാല്‍, ഇപ്പോഴത്തെ ഡിജിറ്റല്‍ കൊള്ള അപൂര്‍വമാണ്. ഇതുവരെ അധികാരത്തിലിരുന്ന ഒരു മുഖ്യമന്ത്രിമാരും ഇങ്ങനൊരു പ്രവര്‍ത്തി ചെയ്തിട്ടുണ്ടാവില്ലെന്ന് സച്ച്ദേവ ആരോപിച്ചു. പേരുമാറ്റിയും അക്കൗണ്ട് ഡിലീറ്റ് ചെയ്തതും ആരുടെ നിര്‍ദേശ പ്രകാരമാണെന്ന് ചോദിച്ച് ഡല്‍ഹി ഐ.ടി. വകുപ്പിനോട് അദ്ദേഹം റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.
എന്നാല്‍ ഈ ആരോപണത്തോട് പ്രതികരിക്കാന്‍ അരവിന്ദ് കെജ്രിവാള് തയാറായിട്ടില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നിന്ന് ബി.ജെ.പി. പിന്മാറണമെന്നും ഡല്‍ഹിയുടെ ഭരണത്തില്‍ ശ്രദ്ധിക്കണമെന്നുമാണ് ആം ആദ്മി പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. ബി.ജെ.പിക്ക് അധികാരം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈദ്യുതി വിതരണം ഉള്‍പ്പെടെയുള്ളവ തടസ്സപ്പെട്ട് തുടങ്ങിയെന്നും ഇത് സംബന്ധിച്ച് പരാതി വന്നുതുടങ്ങിയെന്നും അതിഷിയും കുറ്റപ്പെടുത്തി.