മൂന്നാർ: മൂന്നാറിനുസമീപം ദേവികുളത്ത് വിദേശികൾ സഞ്ചരിച്ച കാർ കാട്ടാന കുത്തി മറിച്ചു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു പശുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയും ചെയ്തു. മൂന്നാറിൽനിന്ന് തേക്കടിയിലേക്ക് പോകുകയായിരുന്ന സഞ്ചാരികളുടെ കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കാർ തലകീഴായി മറിഞ്ഞെങ്കിലും സഞ്ചാരികൾ രക്ഷപ്പെട്ടു.
ഇംഗ്ലണ്ടിലെ ലിവർപൂളിൽനിന്ന് എത്തിയവരാണ് കാറിലുണ്ടായിരുന്നത്. കാട്ടാനയുടെ മുന്നിൽപെട്ട വാഹനം വെട്ടിച്ചുമാറ്റി തിരിച്ചുപോകാനുള്ള ശ്രമത്തിനിടെയാണ് പാഞ്ഞടുത്ത ആന വാഹനം ചവിട്ടിമറിച്ചിട്ടത്. ആന മാറിയശേഷം സമീപത്തുണ്ടായിരുന്നവർ കാർ ഉയർത്തിയാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
കാർ ആക്രമിച്ചതിന് പിന്നാലെയാണ് സമീപത്ത് മേഞ്ഞുകൊണ്ടിരുന്ന പശുവിനെ ചവിട്ടിക്കൊന്നത്. ഉടൻ സ്ഥലത്തെത്തിയ ആർ.ആർ.ടി സംഘം ആനയെ തുരത്തി. മോഴ ആനയാണ് ആക്രമണം നടത്തിയത്.