മറ്റ് കായിക ഇനങ്ങളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ നിര്‍ണായകമാകുന്നൊരു വസ്തുതയാണ് മഴ. കളിക്കിടെ പെയ്താലും കളിക്ക് മുമ്പ് പെയ്താലും കളിമുടക്കി പെയ്തുകൊണ്ടിരുന്നാലും ക്രിക്കറ്റിന്റെ മത്സരഗതിയെ ആകെ തലകീഴായി മറിക്കാന്‍ ശേഷിയുള്ളൊരു ഘടകമാണ് മഴ. ലോകകപ്പ് പോരാട്ടങ്ങളിലടക്കം പല മത്സരങ്ങളിലെയും നിര്‍ണായക മത്സരങ്ങളില്‍ വമ്പന്മാര് നിസ്സാരമായി തോറ്റ് പുറത്താകുന്നതിന് പ്രധാന കാരണമായിട്ടുണ്ട് മഴപെയ്ത്ത്. കഴിഞ്ഞ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശ് സെമയിലേക്ക് മുന്നേറിയതിനും അത്തരമൊരു പശ്ചാത്തലമുണ്ട്.
ഇത്തവണത്തെ അതേ ഫോര്‍മാറ്റിലാണ് കഴിഞ്ഞ തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയും നടന്നത്. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളെ പിന്തള്ളി ഇംഗ്ലണ്ടിനൊപ്പം സെമിയലേക്ക് മുന്നേറിയത് ബംഗ്ലാദേശ് ആണ്. കരുത്തന് ഓസ്ട്രേലിയയുടെ രണ്ട് മത്സരങ്ങളാണ് മഴകാരണം ഫലമില്ലാതെ പോയത്. ഈ അവസരം മുതലെടുത്ത് ബംഗ്ലാദേശ് ന്യൂസിലന്‍ഡിനെ അട്ടിമറിച്ചതും നിര്‍ണായകമായി. ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോള്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലേക്ക് ബംഗ്ലാദേശ് മുന്നേറി.
ഏകദിന ക്രിക്കറ്റിന്റെ വലിയ വേദികളില്‍ വമ്പന്മാരെ പലപ്പോഴും അട്ടിമറിച്ച ചരിത്രം ബംഗ്ലാദേശിനുണ്ട്. അതിന്റെ കൂടി പ്രചോദനത്തിലാണ് നായകന് നജ്മുല്‍ ഹൊസ്സെയിന്‍ ഷാന്റോയ്ക്ക് കീഴില്‍ ബംഗ്ലാദേശ് ഒരുങ്ങിനില്ക്കുന്നത്. ആദ്യ കളി വ്യാഴാഴ്ച്ച ഭാരതത്തിനെതിരെയാണ്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍. രണ്ടും മൂന്നും കളികള്‍ യഥാക്രമം ന്യൂസിലന്‍ഡിനും പാകിസ്ഥാനുമെതിരെ റാവല്‍പിണ്ടിയില്‍. ഈ മൂന്ന് ടീമുകളെയും ലോകകപ്പുകളിലടക്കം ബംഗ്ലാദേശ് തോല്‍പ്പിച്ചിട്ടുണ്ട്.