കൊച്ചി: നടന് ബാലയ്ക്കെതിരെ മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ മോചന കേസിലെ കോടതി രേഖകളില്‍ ബാല കൃത്രിമം കാണിച്ചെന്നാണ് പരാതി. വിവാഹമോചന കരാറിലെ കോംപ്രമൈസ് എഗ്രിമെന്റില്‍ കൃത്രിമം കാണിച്ചെന്നും അമൃതയുടെ ഒപ്പ് വ്യാജമായി ഇട്ടെന്നും പരാതിയിൽ പറയുന്നു. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ അമൃത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
കരാറിന്റെ അഞ്ചാം പേജ് വ്യാജമായുണ്ടാക്കി, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിലും തിരിമറി കാണിച്ചു, പ്രീമിയം തുക അടയ്ക്കാതെ വഞ്ചിച്ചു, ഇന്‍ഷുറന്‍സ് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു, വ്യാജ രേഖയുണ്ടാക്കി ബാല കോടതിയെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങി ഗുരുതരമായ പരാതികളാണ് അമൃത ബാലയ്ക്കെതിരെ നല്‍കിയത്. നേരത്തെ സമൂഹമാധ്യമങ്ങൾ വഴി തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന അമൃതയുടെ പരാതിയില്‍ ബാലയെ അറസ്റ്റ് ചെയ്തിരുന്നു. മകളുമായി ബന്ധപ്പെട്ട് അടക്കം ബാല നടത്തിയ പരാമര്‍ശങ്ങള്‍ അറസ്റ്റിന് കാരണമായിരുന്നു. ബാലയുടെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന് എന്നിവരും കേസിലെ പ്രതികളായിരുന്നു.
വർഷങ്ങളായി ബാലയും മുൻ ഭാര്യയും തമ്മിലുള്ള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തിൽ പങ്കിട്ട വീഡിയോ ആണ് ആദ്യം തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്. ബാലയെ കാണാനോ സംസാരിക്കാനോ താല്പര്യമില്ലെന്നായിരുന്നു മകൾ പറഞ്ഞത്. തന്റെ അമ്മയെ ഉപദ്രവിച്ചിരുന്നുവെന്നും മകൾ പറഞ്ഞു. പിന്നാലെ കുഞ്ഞിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. സമൂഹ മാധ്യമങ്ങളിൽ ബാലയും പ്രതികരണങ്ങൾ പങ്കുവെച്ചു. തുടർന്ന് ബാലക്കെതിരെ മുൻഭാര്യയും രംഗത്തെത്തി. ഈ പ്രശ്നങ്ങളാണ് കഴിഞ്ഞ വർഷം ബാലയുടെ അറസ്റ്റിലേക്ക് എത്തിയത്. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും അമൃതയും 2010ലാണ് വിവാഹിതരായത്. പിന്നീട് 2019ല്‍ വിവാഹമോചനം നേടുകയും ചെയ്തിരുന്നു.
The post അമൃതയുടെ പരാതിയിൽ നടൻ ബാലയ്ക്കെതിരെ കേസ് appeared first on Malayalam Express.