
മഹാശിവരാത്രി ഹിന്ദു മതാചാര പ്രകാരമുള്ള ഒരു പ്രധാന ഉത്സവമാണ്. എല്ലാ വർഷവും കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശിയിൽ ആഘോഷിക്കുന്ന ഉത്സവമാണിത്. ഈ ദിവസം ശിവലിംഗത്തെ ആരാധിക്കുന്നത് പ്രത്യേക പ്രാധാന്യമുള്ളതായി കണക്കാക്കപ്പെടുന്നു. ആത്മാർത്ഥമായ മനസ്സോടെ മഹാശിവരാത്രി വ്രതം അനുഷ്ഠിക്കുന്ന വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുമെന്ന് പറയപ്പെടുന്നു. ശിവപുരാണം അനുസരിച്ച്, തങ്ങൾക്ക് അനുയോജ്യമായ വരനെ അന്വേഷിക്കുന്ന പെൺകുട്ടികൾക്ക് ഈ വ്രതം വളരെ ഫലപ്രദമാണെന്ന് തെളിയിക്കുന്നു. കാരണം ഈ വ്രതം ആചരിക്കുന്നതിലൂടെ ദാമ്പത്യത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുന്നു. മഹാശിവരാത്രി എന്തിനാണ് ആഘോഷിക്കുന്നതെന്നും ആ ദിവസത്തിന് പിന്നിലെ ഐതീഹ്യം എന്താണെന്നും നോക്കാം.
ഐതീഹ്യം ഒന്ന്
പുരാണങ്ങളിൽ ശിവരാത്രിയുമായി ബന്ധപ്പെട്ട രണ്ട് ഐതിഹ്യങ്ങളുണ്ട്. ലോകത്തെ രക്ഷിക്കാൻ പാലാഴി കടഞ്ഞെടുക്കുമ്പോൾ ഉണ്ടായ വിഷം ഭഗവാൻ മഹാദേവൻ കുടിച്ചു. വിഷം ഭഗവാനെ ബാധിക്കാതിരിക്കാൻ എല്ലാവരും ഉറങ്ങാതെ ഉപവസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ശിവൻ വിഷം കുടിച്ച രാത്രി ശിവരാത്രിയായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഉപവസിക്കാൻ നിർദ്ദേശിച്ചത് ഭഗവാൻ തന്നെയാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു.
രണ്ടാമത്തെ ഐതീഹ്യം
മറ്റൊരു ഐതിഹ്യം ഭഗവാൻ വിഷ്ണു, ശിവൻ, ബ്രഹ്മാവ് എന്നിവരുമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ നാഭിയിൽ നിന്ന് മുളച്ച താമരയിലാണ് ബ്രഹ്മാവ് ജനിച്ചത്. വിശാലമായ ജലാശയത്തിലൂടെ സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. നീ ആരാണെന്ന് ചോദിച്ചപ്പോൾ, “ഞാൻ നിങ്ങളുടെ പിതാവായ വിഷ്ണുവാണ്” എന്ന ഉത്തരം ബ്രഹ്മാവിനെ തൃപ്തിപ്പെടുത്തിയില്ല.
അവർ പരസ്പരം പോരടിക്കാൻ തുടങ്ങി. അവർക്കിടയിൽ ഒരു ശിവലിംഗം പ്രത്യക്ഷപ്പെട്ടു. അതിന്റെ മുകൾഭാഗവും താഴത്തെ ഭാഗവും ദൃശ്യമായിരുന്നില്ല. ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും അറ്റങ്ങൾ കാണാനും പിടിക്കാനും സഞ്ചരിച്ചു. വളരെ നേരം സഞ്ചരിച്ചിട്ടും, ഇരുവരും ലക്ഷ്യം കൈവരിക്കാതെ യഥാർത്ഥ സ്ഥാനത്ത് എത്തി. തുടർന്ന് ശിവൻ പ്രത്യക്ഷപ്പെട്ട് സംശയലേശമന്യേ തന്റെ പ്രാധാന്യം പ്രഖ്യാപിച്ചു.
കുംഭമാസത്തിലെ കറുത്ത പക്ഷത്തിലെ ചതുർദശി രാത്രിയിലായിരുന്നു ശിവൻ പ്രത്യക്ഷപ്പെട്ടത്. ഇനി മുതൽ എല്ലാ വർഷവും ഈ രാത്രി ഉപവാസമായി ആചരിക്കണമെന്നും അതിനെ ശിവരാത്രി വ്രതം എന്ന് വിളിക്കുമെന്നും ശിവൻ പറഞ്ഞു എന്നാണ് മറ്റൊരു ഐതീഹ്യം.