ക്രിസ്റ്റഫർ നോളന് ഒരുക്കുന്ന പുതിയ ചിത്രമായ ദി ഒഡീസിയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ഹോമറിന്റെ ഇതിഹാസ കാവ്യത്തിലെ നായകനായ ഗ്രീക്ക് രാജാവ് ഒഡീസിയസിന്റെ വേഷത്തിൽ മാറ്റ് ഡാമണ് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വരുന്നത്. ഗ്രീക്ക് യോദ്ധാവിന്റെ വേഷത്തിലാണ് ഈ ഫസ്റ്റലുക്ക് എത്തുന്നത്. 2026 ജൂലൈ 17-ന് ഒഡീസി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ ദി ഒഡീസി ഹോമറിന്റെ ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി തന്നെയാണ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തില്‍ മാറ്റ് ഡാമണിന് പുറമേ ആൻ ഹാത്ത്വേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ എന്നിവര്‍ അഭിനേതാക്കളായി എത്തുന്നുണ്ട്.
24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്. മനുഷ്യന്റെ ഇച്ഛയും ദൈവിക കല്‍പ്പനയും തമ്മിലുള്ള പോരാട്ടമാണ് ഈ കൃതിയുടെ അടിസ്ഥാനം എന്നാണ് പല പാശ്ചാത്യ നിരൂപകരും വിലയിരുത്തിയിരിക്കുന്നത്.
ലോക സിനിമയില്‍ നിരവധി തവണ സിനിമകളും സീരിസുകളുമായി ദി ഒഡീസി എത്തിയിട്ടുണ്ട്. യൂണിവേഴ്സല്‍ പിക്ചേര്‍സുമായി ചേര്‍ന്ന് നോളന്റെ രണ്ടാമത്തെ ചിത്രം ആയിരിക്കും ദി ഒഡീസി. ‘ഓപ്പൺഹൈമർ’ എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം എത്തിയത്. ആറ്റം ബോംബിന്റെ പിതാവ് എന്ന് അറിയിപ്പെടുന്ന ഓപ്പൺഹൈമറിന്റെ ജീവിതം അവതരിപ്പിച്ച ചലച്ചിത്രം വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. ഒപ്പം തന്നെ നോളന് സംവിധാനത്തിനുള്ള ആദ്യ ഒസ്കാര്‍ പുരസ്കാരവും ചിത്രം നേടികൊടുത്തിരുന്നു
The post ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം; ദി ഒഡീസിയുടെ പുതിയ അപ്ഡേറ്റ് പുറത്ത് appeared first on Malayalam Express.