
കൊച്ചി: വൈപ്പിന്‍ ദ്വീപിന്റെ ഒരു ഭാഗമാണ് പുതുവൈപ്പ്. വേമ്പനാട് തടാകമാണ് കിഴക്ക്, പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് ഞാറയ്ക്കലും. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് ഏകദേശം 7-8 കിലോമീറ്റര്‍ പടിഞ്ഞാറുമാണിത്. വൈപ്പിന്‍-മുനമ്പം റോഡ്, എല്‍എന്‍ജി ടെര്‍മിനല്‍ റോഡ് എന്നിവ പ്രധാന പാതകള്‍. ഇവിടുത്തെ അത്യാകര്‍ഷകമായ ബീച്ചാണ് പുതുവൈപ്പ് തീരം.
തീരസൗന്ദര്യമാണ് ഇവിടുത്തെ സവിശേഷത. അധികം തിരക്കില്ലാത്ത ശാന്തമായ ബീച്ചുമാണ്. ഇവിടെ തലയുയര്‍ത്തി സ്ഥിതി ചെയ്യുന്ന വിളക്കുമാടം ചരിത്രത്തിന്റെ നിര്‍ണായക ശേഷിപ്പുകളിലൊന്നാണ്. ബീച്ചില്‍ നിന്ന് അര കിലോമീറ്ററില്‍ താഴെ മാത്രം അകലെയാണ് ലൈറ്റ് ഹൗസ്. രാജ്യത്തെ ഏറ്റവും ഉയരം കൂടിയ ലൈറ്റ് ഹൗസുകളില്‍ ഒന്നാണിത്.
ഇവിടെ പ്രവേശനം ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 5 വരെയാണ്. 43 മീറ്റര്‍ ഉയരമുള്ള ഈ ടവര്‍ ഇരട്ട പാളി കോണ്‍ക്രീറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് 28 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയുണ്ട്. സാഹസിക ടൂറിസത്തിന്റെ ഭാഗമായി പുതുവൈപ്പില്‍ ബീച്ച് ബഗ്ഗികള്‍ പ്രചാരത്തിലുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് ആനന്ദകരമായ അനുഭവമാണ്.
ഫോര്‍ വീലര്‍ വാഹനങ്ങളായ ബീച്ച് ബഗ്ഗികള്‍ എളുപ്പത്തില്‍ മറിഞ്ഞുവീഴില്ല, 30 മിനിട്ടും ഒരു മണിക്കൂറും ദൈര്‍ഘ്യമുള്ള ഡ്രൈവുകള്‍ക്ക് നിശ്ചിത നിരക്കുകളുണ്ട്. ബീച്ചിന്റെ തെക്ക്, വടക്ക് വശങ്ങളില് മാത്രമേ ബീച്ച് ബഗ്ഗികള്‍ സര്‍വീസ് നടത്താന്‍ അനുവാദമുള്ളൂ. എറണാകുളം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലാണ്
ഇത് അവതരിപ്പിച്ചിരിക്കുന്നത്.
കുടുംബവുമൊത്ത് ഉല്ലസിക്കാന്‍ മികച്ച തെരഞ്ഞെടുപ്പാണ് പുതുവൈപ്പ് സന്ദര്‍ശനം. ഏത് പ്രായക്കാരെയും സ്ത്രീകളെയും ആകര്‍ഷിക്കുന്ന വിനോദ അവസരങ്ങളും ഇവിടെയുണ്ട്. സൂര്യാസ്തമയക്കാഴ്ചയും ആരുടെയും ഹൃദയം കവരും. കൂടുതല്‍ വികസനം സാധ്യമായിക്കൊണ്ടിരിക്കുന്ന വിനോദ സഞ്ചാര കേന്ദ്രവുമാണിത്.