വയലൻസ് നിറഞ്ഞ സിനിമകൾ ഇനി ചെയ്യില്ലെന്ന് മാർക്കോ ചിത്രത്തിൻറെ നിർമാതാവ് ഷരീഫ് മുഹമ്മദ്. മാർക്കോ വയലൻസിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു. മാർക്കോയിലെ അതിക്രൂര വയലൻസ് ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി പ്രേക്ഷകർ കാണാൻ ശ്രമിക്കണം. മാർക്കോ 18+ സർട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാൻ കുട്ടികൾ ഒരിക്കലും തിയേറ്ററിൽ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ വയലൻസ് ഉണ്ടെന്ന് വ്യക്തമായി പറഞ്ഞുകൊണ്ടാണ് മാർക്കറ്റിങ് നടത്തിയത്. ചട്ടങ്ങളും നിയമങ്ങളുമെല്ലാം പാലിച്ചുകൊണ്ടാണ് സിനിമയിറക്കിയത്. 18 വയസ്സിൽ താഴെയുള്ളവർ ഈ സിനിമ കാണരുതെന്ന് വ്യക്തമായി പറഞ്ഞിരുന്നു. പരമാവധി എല്ലായിടത്തും അക്കാര്യം എത്തിച്ചിട്ടുണ്ട്.
“സിനിമയുടെ കഥക്ക് ആവശ്യമുള്ള ദൃശ്യങ്ങൾ കാണിക്കുകയെന്നതാകും കഥാകൃത്തിൻറെയും സംവിധായകൻറെയും ഉദ്ദേശം. വയലൻസ് പ്രൊമോട്ട് ചെയ്യാനോ സമൂഹത്തിൽ വയൻസ് ഉണ്ടാകണമെന്ന് ആഗ്രഹിച്ചുകൊണ്ടോ ഒരാളും സിനിമയെടുക്കില്ല. എന്നാൽ ഇപ്പോഴുണ്ടാകുന്ന പല സംഭവങ്ങളും പേടിപ്പെടുത്തുന്നതാണ്. മാർക്കോയിലെ അതിക്രൂര ദൃശ്യങ്ങൾ കഥയുടെ പൂർണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്.
വരാനിരിക്കുന്ന കാട്ടാളൻ എന്ന സിനിമയിലും കുറച്ചു വയലൻസ് സീനുകളുണ്ട്. സിനിമയെ സിനിമയായി കാണാനും ജീവിതത്തിലെ യാഥാർഥ്യം എന്താണെന്ന് മനസ്സിലാക്കാനും നമ്മൾ ബാധ്യസ്തരാണ്. സിനിമയല്ല, നമ്മുടെ കാഴ്ചപ്പാടാണ് മാറേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാർക്കോയല്ല ആദ്യമായി വയലൻസ് കാണിക്കുന്ന സിനിമ. എന്നാൽ ഉത്തരവാദിത്തമുള്ള പൗരനെന്ന നിലയിൽ, വയലൻസ് സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെങ്കിൽ അത്തരം കാര്യങ്ങൾ ഇനി എൻറെ സിനിമയിൽ പ്രൊമോട്ട് ചെയ്യില്ല” -ഷരീഫ് മുഹമ്മദ് പറഞ്ഞു.
The post വയലൻസ് ഇനി എൻറെ സിനിമയിൽ പ്രൊമോട്ട് ചെയ്യില്ല: മാർക്കോ നിർമാതാവ് ഷരീഫ് മുഹമ്മദ് appeared first on Malayalam Express.