മസ്കത്ത്: ആപ്രികോട്ട് പൂത്തുലഞ്ഞ് തുടങ്ങിയതോടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ വകാൻ ഗ്രാമം സഞ്ചാരികളെ മാടിവിളിക്കുന്നു. ഫെബ്രുവരി പകുതി മുതൽ മാർച്ച് വരെയാണ് ആപ്രിക്കോട്ട് പൂത്തുലയുന്നത്. ഈ ദിവസങ്ങളിൽ വളരെ സുന്ദരിയായിരിക്കും വകാൻ ഗ്രാമം. പ്രകൃതിഭംഗി പകർത്താനും അതിന്റെ ശാന്തമായ അന്തരീക്ഷം ആസ്വദിക്കാനും ഈ സമയങ്ങളിൽ മികച്ച അവസരമായിരിക്കുമെന്ന് പൈതൃക, ടൂറിസം മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വകാൻ ഗ്രാമത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 32,000 വിനോദ സഞ്ചാരികളാണ് 2023ൽ ഇവിടെയെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 2,000 മീറ്റർ ഉയരത്തിൽ, പടിഞ്ഞാറൻ ഹജർ പർവതനിരകളിൽ സ്ഥിതിചെയ്യുന്ന വകാൻ ഗ്രാമം മസ്കത്തിൽനിന്ന് 150 കി.മീ അകലെയാണ്. മിതമായ വേനൽകാലവും കുറഞ്ഞ ശൈത്യകാല താപനിലയും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്.
മുന്തിരി, മാതളനാരങ്ങ, ഈന്തപ്പന, പൂക്കൾ, നാട്ടുവൈദ്യത്തിൽ ഉപയോഗിക്കുന്ന പർവതസസ്യങ്ങൾ എന്നിവയും ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നുണ്ട്. വാദി മിസ്റ്റലിൽ സമുദ്രനിരപ്പിൽനിന്ന് 2000 മീറ്റർ ഉയരത്തിലാണ് വകാൻ ഗ്രാമം. ദാഖിലിയ ഗവർണറേറ്റിന്റെ അതിർത്തിയിലാണ് വകാൻ സ്ഥിതി ചെയ്യുന്നതെങ്കിലും തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖലിന്റെ ഭാഗമാണ് വകാൻ. വകാന് പുറമെ അൽ ഖുറ, അൽ ഹജ്ജാർ, മിസ്ഫത്ത് അൽ ഖുറ, അൽ ഷിസ്, അൽ അഖർ, ഹദ്ദിഷ്, അൽ ഖദാദ്, അൽ ഖദ്ര, അർദ് അൽ ഷാവ, അൽ മിസ്ഫത്ത്, അൽ ദാഹിറ എന്നീ ഗ്രാമങ്ങളാണ് വാദി മിത്തലിൽ ഉൾപ്പെടുന്നത്. പച്ചയിൽ പുതഞ്ഞിരിക്കുന്ന പ്രദേശങ്ങൾ സഞ്ചാരികളുടെ മനം കവരുന്നതാണ്.

ആപ്രിക്കോട്ടും പീച്ചും പൂത്തുലഞ്ഞ് സീസൺ ആരംഭിക്കുന്നതോടെ തെക്കൻ ബാത്തിന ഗവർണറേറ്റിലെ നഖൽ വിലായത്തിലെ വാദി മിസ്റ്റലിലെ വകാനിലേക്ക് സഞ്ചാരികളൊഴുകും. സ്വദേശികളും വിദേശികളുമടക്കം നൂറുകണക്കിനാളുകളാണ് വന്നെത്താറുള്ളത്. ജനുവരിയുടെ തുടക്കത്തിൽ ഇവ രണ്ടും പൂവിട്ട് തുടങ്ങും. പഴങ്ങളുടെ വിളവെടുപ്പ് കാലമായ മെയ് പകുതി മുതൽ ആഗസ്റ്റ് അവസാനം വരെയാണ് വകാൻ സന്ദർശിക്കാൻ അനുയോജ്യമായ സമയം.
സുൽത്താനേറ്റിലെ ആപ്രിക്കോട്ടും പീച്ചും വളരുന്ന ചുരുക്കം ചില പ്രദേശങ്ങളിലൊന്നാണ് വകാൻ. ഈ പഴങ്ങൾ നടുന്നതിന് ഉയർന്ന പ്രദേശവും തണുത്ത കാലാവസ്ഥയും ആവശ്യമാണ്. രണ്ടും ഒത്തിണങ്ങിയ പ്രദേശമാണിത്. അത്തരം കാലാവസ്ഥ കർഷകർക്ക് മികച്ച വിളവ് നേടാനും അത് വാണിജ്യപരമായി നേട്ടങ്ങൾ കൊയ്യാനും സാധിക്കും. ഉയർന്ന ഡിമാൻഡ് കാരണം കർഷകർക്ക് മികച്ച വരുമാന മാർഗമാണ് ആപ്രിക്കോട്ട്. രാസപദാർഥങ്ങൾ ഒന്നും ചേർക്കാതെ വളരുന്ന ആപ്രിക്കോട്ട് വിളകൾക്ക് പേരുകേട്ടതാണ് ഈ ചെറിയ ഗ്രാമം.
ഏപ്രിൽ പകുതിയോടെയാണ് പാകമാകാൻ തുടങ്ങുക. വിളവെടുപ്പ് ഒരു മാസം മുതൽ ഒന്നരമാസം വരെ തുടരും. പ്രാദേശിക കർഷകർ തങ്ങളുടെ വിളകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് അല്ലെങ്കിൽ സൂഖ് നഖിലും സമീപത്തെ മാർക്കറ്റുകളിലും ഇവ വിൽക്കും. നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ടെങ്കിലും ഗ്രാമത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. മിക്ക പ്രധാന റോഡുകളിലൂടെയും യാത്ര സുഗമമാണെങ്കിലും പാർക്കിങ് സൗകര്യങ്ങൾ പരിമിതമാണ്. മലയിലേക്കുള്ള കയറ്റം വളരെ ദുർഘടം പിടിച്ചതാണ്. അതുകൊണ്ടുതന്നെ ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ എത്തുന്നതായിരിക്കും നല്ലത്.
സുൽത്താന്റെ പുതിയ നിർദേശത്തോടെ ഗ്രാമത്തിന്റെ മുഴുവൻ സാധ്യതകളും പ്രയേജനപ്പെടുത്തി മുൻനിര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാകാനാണ് വകാൻ ഒരുങ്ങുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ നവീകരണം, ടൂറിസത്തിനും സാഹസിക പ്രവർത്തനങ്ങൾക്കും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയവയടക്കമുള്ള വികസനപ്രവർത്തനങ്ങളായിരിക്കും ഇവിടെ നടത്തുക.ഇതോടെ വർഷം മുഴുവനും വിനോദസഞ്ചാരികളെത്തുന്ന സ്ഥലമാക്കി മാറ്റുകയാണ് ലക്ഷ്യം വെക്കുന്നത്. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ഒമാന്റെ 2040 കാഴ്ചപ്പാടിന് അനുസൃതമായുള്ള ഈ വികസനം.