പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിന്റെ ഇത്തവണത്തെ ഉദ്ഘാടന ദിനത്തില്‍ ഇതിഹാസ താരം റാഫേല്‍ നദാലിന് ആദരമര്‍പ്പിക്കും. റൊളാങ് ഗാരോയിലെ കളിമണ്‍ കോര്‍ട്ടിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ് സ്ലാം ടെന്നിസ് ടൂര്‍ണമെന്റ് ഡയറക്ടര്‍ അമേലീ മോറിസ്മോ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
കരിയറില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്റെ 14 നേട്ടങ്ങളും ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസിലായിരുന്നു. ടൂര്‍ണമെന്റില്‍ ഇത്രയേറെ ടൈറ്റിലുകള്‍ നേടിയിട്ടുള്ള വേറെ താരമില്ല. ഇക്കാരണത്താലാണ് ഇതിഹാസ താരത്തിന് അര്‍ഹിക്കുന്നൊരു ആദരം വേദിയിലൊരുക്കുന്നത്. വരാനിരിക്കുന്ന ഫ്രഞ്ച് ഓപ്പണിന്റെ ഉദ്ഘാടന ദിവസം അടുത്ത മാസം 25നാണ്. വേദികളില്‍ ഒന്നായ ഫിലിപ്പെ-കാര്‍ട്ടിയര്‍ കോര്‍ട്ടിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. അന്നത്തെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷമായിരിക്കും ആദരിക്കല്‍ ചടങ്ങ്. ഇതുകൂടാതെ റാഫയോടുള്ള സമര്‍പ്പണത്തിന്റെ ഭാഗമായി ടൂര്‍ണമെന്റിലുടനീളം പ്രദര്‍ശനം ഉള്‍പ്പെടെ ആസൂത്രണം ചെയ്തുകൊണ്ടുള്ളൊരു ടെന്നീസിയവും ഒരുക്കുന്നുണ്ടെന്ന് മോറിസ്മോ അറിയിച്ചു.
കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ മത്സരിച്ച റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ അലക്സാണ്ടര്‍ സ്വരേവിനോട് തോറ്റ് പുറത്തായിരുന്നു. എങ്കിലും പാരീസിലെ ആരാധകര്‍ വരും വര്‍ഷം റാഫ വീണ്ടും ഈ കോര്‍ട്ടിലിറങ്ങും കിരീടം നേടുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. പരിക്ക് കാരണം വല്ലാതെ ബുദ്ധിമുട്ടിലായ നദാല്‍ കഴിഞ്ഞ നവംബറിലെ ഡേവിസ് കപ്പോടുകൂടി കരിയറിനോട് വിട പറയുകയായിരുന്നു.
മെയ് 25 മുതല്‍ ജൂണ്‍ എട്ട് വരെയാണ് ഇത്തവണത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ്. നദാലിനെ കൂടാതെ വനിതാ ടെന്നിസ് താരമായിരുന്ന മേരി പിയേഴ്സ്, വിരമിക്കാനിരിക്കുന്ന ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ക്വെറ്റ് എന്നിവരെയും ആദരിക്കും.
50കാരിയായ മേരി പിയേഴ്സ് സിംഗിള്‍സിലും ഡബിള്‍സിലും ടൈറ്റില്‍ നേടിയതിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിനാണ് ആദരമൊരുക്കുന്നത്. ഫ്രഞ്ച് ഓപ്പണോടെ കരിയറിനോട് വിടപറയാനൊരുങ്ങുന്ന 38കാരന് ഗാസ്ക്വെറ്റിന്റെ നാട്ടിലെ 22-ാം ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണിത്.