കൊല്‍ക്കത്ത: ഇന്ത്യന്‍ വനിതാ ലീഗിലെ അവസാന മത്സരത്തിനായി ഗോകുലം കേരള ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടുന്നു. സീസണില്‍ കിരീടം ഉറപ്പിച്ച ഈസ്റ്റ് ബംഗാളിനെ ഇനി അവരുടെ തടകത്തില്‍ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോകുലം ഇറങ്ങുന്നത്.
സീസണില്‍ 13 മത്സരം പൂര്‍ത്തിയാക്കിയ ഈസ്റ്റ് ബംഗാള്‍ 11 ജയം ഓരോന്ന് വീതം സമനില, തോല്‍വി എന്നിവയിലൂടെ 34 പോയിന്റ് നേടിയാണ് കിരീടം ഉറപ്പിച്ചിട്ടുള്ളത്. 13 മത്സരത്തില്‍നിന്ന് 29 പോയിന്റുള്ള ഗോകുലം രണ്ടാം സ്ഥാനത്താണ്. ഇതുവരെ രണ്ട് തോല്‍വി, രണ്ട് സമനില ഒന്‍പത് ജയം എന്നിവയാണ് ഗോകുലം സമ്പാദ്യം. സീസണിന്റെ തുടക്കത്തില്‍ മികച്ച പ്രകടനവുമായി കളംനിറഞ്ഞ് കളിച്ചെങ്കിലും ഇടക്ക് നേരിട്ട ആപ്രതീക്ഷിത തോല്‍വിയും സമനിലയുമാണ് ഗോകുലത്തിന് തിരിച്ചടിയായത്.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഈസ്റ്റ് ബംഗാളിനെതിരേയുള്ള ഹോം മത്സരത്തില്‍ ഗോകുലം കേരള അവരെ തകര്‍ത്തിരുന്നു. വിദേശ താരങ്ങളായ പ്രതിരോധത്തിലെ മിന്നും താരം ഫിയോബി, മുന്നേറ്റതാരം ഫസീല എന്നിവര്‍ ഇല്ലാതെയാണ് ഗോകുലം ഇറങ്ങുന്നത്. പൂര്‍ണമായും ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഇന്ന് മലബാറിയന്‍സിനായി അണിനിരക്കുന്നത്. രത്തന്‍ ബാലയാണ് ഗോകുലം കേരളയെ ഇന്നത്തെയും മത്സരത്തില്‍ നയിക്കുക. വൈകിട്ട് 3.30 മുതല്‍ ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.