ഗാസ ഏറ്റെടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനം ഞെട്ടലോടെയാണ് ലോകം കേട്ടത്. ട്രംപിൻറ പുതിയ തീരുമാനം അമേരിക്കൻ ചേരിയിൽ തന്നെ വിള്ളൽ വീഴ്ത്തിയെന്നാണ് സൂചനകൾ. അറബ് രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ സൈനിക താവളങ്ങളുടെ പ്രവര്‍ത്തനവും ഇനി അവതാളത്തിലാകും. നാറ്റോ സഖ്യകക്ഷിയായ തുര്‍ക്കിയും മറ്റ് അറബ് – ഇസ്ലാമിക രാജ്യങ്ങളും ട്രംപിന്റെ പുതിയ നീക്കത്തിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു. ലോകത്തെ മൊത്തം ഞെട്ടിച്ച് ഇത്തരമൊരു പ്രഖ്യാപനം നടത്താൻ അമേരിക്കൻ പ്രസിഡൻറിനെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമാണ്. പരിശോധിക്കാം
ട്രംപ് എന്താണ് പറഞ്ഞത്?
അമേരിക്കൻ മാധ്യമമായ സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച അമേരിക്ക ഗാസ സ്ട്രിപ്പ് ഏറ്റെടുക്കുമെന്ന് ട്രംപ് വ്യക്തമാക്കി. “ഞങ്ങൾ അത് സ്വന്തമാക്കും, കൂടാതെ സ്ഥലത്തെ എല്ലാ അപകടകരമായ ബോംബുകളും മറ്റ് ആയുധങ്ങളും പൊളിച്ചുമാറ്റേണ്ട ഉത്തരവാദിത്തവും ഞങ്ങൾക്കായിരിക്കും,” യുഎസ് പ്രസിഡന്റ് പറഞ്ഞു. തകർന്ന കെട്ടിടങ്ങൾ ഞങ്ങൾ നിരപ്പാക്കുകയും “പ്രദേശത്തെ ജനങ്ങൾക്ക് പരിധിയില്ലാത്ത തൊഴിലവസരങ്ങളും ഭവനങ്ങളും നൽകുന്ന ഒരു സാമ്പത്തിക വികസനം സൃഷ്ടിക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ ഏതെങ്കിലും സുരക്ഷാ ശൂന്യത നികത്താൻ സൈന്യത്തെ വിന്യസിക്കാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, “ആവശ്യമായത് ഞങ്ങൾ ചെയ്യും- അദ്ദേഹം പറഞ്ഞു. തന്റെ വികസന പദ്ധതിക്ക് ശേഷം ലോകമെമ്പാടുമുള്ള ആളുകൾ ഗാസയിൽ താമസിക്കുമെന്ന് ട്രംപ് പറഞ്ഞു, ഭാവിയിൽ മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രയിൽ ഗാസ, ഇസ്രായേൽ, സൗദി അറേബ്യ എന്നിവിടങ്ങൾ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു
ലോകം എങ്ങനെ പ്രതികരിച്ചു?
പലസ്തീനികളെ കുടിയിറക്കാനുള്ള ശ്രമത്തെ ആദ്യം നിരസിച്ചത് തുർക്കിയും ഈജിപ്തുമാണ്. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ബദർ അബ്ദലാറ്റിയും തമ്മിൽ തുർക്കിയിലെ അങ്കാറയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, പലസ്തീനികളെ മാറ്റിപ്പാർപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഏതൊരു നടപടിയും അംഗീകരിക്കാനാകില്ല എന്ന് വ്യക്തമാക്കി. ഇത് സംഘർഷം രൂക്ഷമാക്കുമെന്നും സമാധാന ശ്രമങ്ങളെ അപകടത്തിലാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
പ്രധാന അമേരിക്കൻ സഖ്യകക്ഷിയായ സൗദി അറേബ്യയും ട്രംപിന്റെ നിർദ്ദേശം ശക്തമായി നിരസിച്ചു. ഗാസയിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുക എന്ന ആശയം ‘പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളുടെ മേലുള്ള ലംഘനമാണ്’ എന്ന് വിശേഷിപ്പിച്ചു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ ഈ പദ്ധതിയെ ‘വംശീയത’ എന്നും ‘പലസ്തീൻ ലക്ഷ്യത്തെ ഉന്മൂലനം ചെയ്യാനുള്ള നഗ്നമായ ശ്രമം’ എന്നുമാണ് ഹമാസ് നേതാവായ ഇസ്സത്ത് അൽ-റിഷെഖ് വിമർശിച്ചത്.അതേസമയം, അമേരിക്കയുടെ പ്രഖ്യാപനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വാഗതം ചെയ്തു
ട്രംപിൻറെ പ്രഖ്യാപനത്തിന് പിന്നില്ലെന്ത്?
ട്രംപിൻറേത് ഏകപക്ഷീയമായ നിലപാടെന്ന് ഇതിനോടകം വിമർശനമുയരുന്നുണ്ട്. ട്രംപിൻ്റെ നിലപാടുകളെ “സാമ്രാജ്യത്വ”മെന്ന് പലരും വിളിക്കുന്നത് വർദ്ധിച്ചുവരികയാണ്. ഡെന്മാർക്കിൽ നിന്ന് ഗ്രീൻലാൻഡ് നിർബന്ധിതമായി പിടിച്ചെടുക്കുക, ഗൾഫ് ഓഫ് മെക്സിക്കോയുടെ പേര് മാറ്റുക, കാനഡ, ചൈന എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ താരിഫ് ഇവയെല്ലാം ഉയർത്തികാട്ടിയാണ് വിമർശനങ്ങൾ ഉയരുന്നത്.
അതേസമയം, ട്രംപിൻറേത് ചർച്ചക്കുള്ള തന്ത്രമാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അറബ് രാജ്യങ്ങൾ ഉൾപ്പടെ മതിയായ ശ്രദ്ധ കൊടുക്കുന്നില്ല. ഈ സാഹചര്യത്തിൽ അമേരിക്ക മുൻകൈയെടുത്ത് നടത്തുന്ന ചർച്ചകളിൽ അറബ് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തി ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിന് പരിഹാരം കാണാനുള്ള വഴിയാണിതെന്നനും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
പലസ്തീനിൽ എന്ത് സംഭവിക്കും
ട്രംപിൻറ പ്രഖ്യാപനത്തിന് പിന്നിലെ വ്യക്തമായ കാരണം ഇനിയും അജ്ഞാതമാണെങ്കിലും അമേരിക്ക ഗാസ ഏറ്റെടുത്താൽ പലസ്തീന് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. പലസ്തീന്റെ പൈതൃകം, സംസ്കാരം എന്നിവയെ പോലും ബാധിക്കുമെന്നും വിമർശനമുയരുന്നുണ്ട്.ഗാസയിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുക എന്ന ആശയം പലസ്തീൻ ജനതയുടെ നിയമാനുസൃത അവകാശങ്ങളുടെ മേലുള്ള ലംഘനമാണെന്നും വിമർശനം ഉയരുന്നുണ്ട്.
Read More
- അമേരിക്കയുടെ ഇറക്കുമതി ചുങ്കം ചൈനയെ എങ്ങനെ ബാധിക്കും? ട്രംപിന്റെ ലക്ഷ്യം ആഗോള വ്യാപാര യുദ്ധമോ?
- മഖാന ബോർഡ് എന്തുകൊണ്ട് ബിഹാറിൽ; ബജറ്റ് പ്രഖ്യാപനത്തിലെ വസ്തുകൾ അറിയാം
- കേന്ദ്ര ബജറ്റിലെ ചില അറിയാകാര്യങ്ങൾ
- ഇന്ത്യക്കാരുടെ മേൽ സർക്കാർ അമിത നികുതി ചുമത്തുന്നുണ്ടോ?
- എന്താണ് ഡീപ് സീക്ക് ? എഐ സാങ്കേതിക വിദ്യയെ മറിക്കടക്കുമോ ചൈനയുടെ പുതിയ താരം