കൊല്‍ക്കത്ത: മഹാകുംഭമേളയുടെ നടത്തിപ്പില്‍ കെടുകാര്യസ്ഥതയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യാതൊരു ആസൂത്രണവുമില്ലാതെ നടത്തിയതിനാല്‍ ‘മൃത്യു കുംഭ്’ ആയി ‘മഹാ കുംഭ്’ മാറിയെന്നും മമത ആരോപിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിച്ചുകൊണ്ട് ബംഗാള്‍ നിയമസഭയിലാണ് മമത ഇക്കാര്യം പറഞ്ഞത്.
‘മഹാകുംഭമേളയേയും പരിശുദ്ധ ഗംഗാനദിയേയും ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ യാതൊരു ആസൂത്രണവുമില്ലാതെയാണ് കുംഭമേള നടക്കുന്നത്. വി.ഐ.പികളായ പണക്കാര്‍ക്ക് ഒരുലക്ഷം രൂപവരെ നല്കിയാല് ടെന്റുകള്‍ ലഭിക്കാനുള്ള സംവിധാനമുണ്ട്. എന്നാല്‍ പാവപ്പെട്ടവര്‍ക്കായി കുംഭമേളയില്‍ യാതൊന്നും ഒരുക്കിയിട്ടില്ല. ഇത്തരം മേളകളില്‍ തിക്കും തിരക്കുമുണ്ടാകാനുള്ള സാഹചര്യം സാധാരമാണ്. എന്നാല്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് സുപ്രധാനമാണ്. എന്ത് ആസൂത്രണമാണ് നിങ്ങള്‍ നടത്തിയത്?’ -മമത ചോദിച്ചു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ ഒളിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണവും മമത ബാനര്‍ജി ഉന്നയിച്ചു. മരണസംഖ്യ കുറച്ചുകാണിക്കാന്‍ വേണ്ടിയാണ് ബി.ജെ.പി. ഇങ്ങനെ ചെയ്തത്. ബി.ജെ.പിയുടെ ഭരണത്തില്‍ മഹാ കുംഭ് മൃത്യുകുംഭായി മാറിയെന്നും മമത ബാനര്‍ജി പറഞ്ഞു.