
നല്ല മാര്‍ക്ക് കിട്ടുമോ, തുടര്‍ പഠനാവസരം ലഭിക്കുമോ, പഠിച്ചത് ഓര്‍മ്മയിലുണ്ടാവുമോ, പാസാകുമോ എന്നുതുടങ്ങി പലവിധ ആശങ്കകളാണ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒരു വിദ്യാര്‍ഥിയെ അലട്ടുന്നുണ്ടാവുക. കുട്ടിയുമായി തുറന്നുസംസാരിച്ച് ഈ സമ്മര്‍ദം അകറ്റാനുള്ള വഴികളാണ് രക്ഷിതാക്കള്‍ നിര്‍ദേശിക്കേണ്ടത്. എന്നാല്‍ തങ്ങളുടെ ആഗ്രഹങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് കുട്ടിയെ സമ്മര്‍ദം ചെലുത്തിയും അമിത പ്രതീക്ഷയുടെ ഭാരമേല്‍പ്പിച്ചും കൂടുതല്‍ പിരിമുറുക്കത്തിലേക്ക് തള്ളിവിടുന്ന മാതാപിതാക്കളും കുറവല്ല. പരീക്ഷാവേളയില്‍ മാതാപിതാക്കള്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ട 6 കാര്യങ്ങള്‍ ഇവയാണ്.
കാരണം കണ്ടെത്തുക
പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടിക്ക് ഏതുകാര്യത്തിലാണ് പേടിയെന്ന് രക്ഷിതാക്കള്‍ തിരിച്ചറിയേണ്ടതുണ്ട്. അതിനായി വിദ്യാര്‍ഥിയോട് തുറന്ന് സംസാരിക്കണം. പഠിച്ചത് മറന്നുപോകുന്നു, പഠിച്ചിട്ട് മനസ്സിലാകുന്നില്ല, പരീക്ഷയില്‍ തോല്‍ക്കുമെന്നുള്ള വിചാരം, സമയം തീരെയില്ലെന്ന പേടി എന്നിങ്ങനെ പലവിധ ചിന്തകള്‍ കുട്ടികളെ അലട്ടാറുണ്ട്. എന്താണ് പേടിക്ക് ആധാരമെന്ന് കണ്ടെത്തി പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്. അതിന് ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങ് ഉള്‍പ്പടെ ലഭ്യമാക്കുകയും ചെയ്യാം.
അമിത സമ്മര്‍ദം പാടില്ല
പഠിക്കൂ എന്നുപറഞ്ഞ് ഏതുനേരവും രക്ഷിതാക്കള്‍ കുട്ടിയെ പിന്നാലെ നടന്ന് അമിത സമ്മര്‍ദത്തിലാക്കരുത്. തോറ്റുപോകുമെന്നും, മാര്‍ക്ക് കുറവായിരിക്കുമെന്നും, തുടര്‍പഠനത്തിന് അവസരം കിട്ടില്ലെന്നും, ജോലി കിട്ടില്ലെന്നുമൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തി കുട്ടിയുടെ ആത്മവിശ്വാസം കെടുത്തരുത്. പകരം നിനക്ക് നന്നായി പഠിക്കാന്‍ കഴിയുമെന്നും എന്ത് സഹായത്തിനും കൂടെയുണ്ടെന്നും രക്ഷിതാക്കള്‍ ഉറപ്പുനല്‍കണം. നല്ല മാര്‍ക്ക് ലഭിച്ചാല്‍ മികച്ച സമ്മാനങ്ങള്‍ ലഭിക്കുമെന്ന വിശ്വാസം കൂടി കുട്ടിക്കുണ്ടെങ്കില് അതും പ്രോത്സാഹനമാകും.
നല്ല പഠനാന്തരീക്ഷം
മാതാപിതാക്കളും വീട്ടിലുള്ളവരും കുട്ടിയെ, പരീക്ഷാകാലങ്ങളില്‍ വിശേഷിച്ചും പരിപൂര്‍ണമായി ഉള്‍ക്കൊള്ളേണ്ടതുണ്ട്. വിദ്യാര്‍ഥിയുടെ പിരിമുറുക്കം കുറയ്ക്കാന്‍ വീട്ടില്‍ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കണം. ശാന്തവും സമാധാനപരവുമായിരുന്ന് പഠിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കണം. കുട്ടിയുടെ ശ്രദ്ധ തെറ്റുന്നതോ കുട്ടിയെ ഭയാശങ്കയിലാക്കുന്നതോ ആയ സംഭവങ്ങളോ പരാമര്‍ശങ്ങളോ ഒഴിവാക്കാന്‍ മുതിര്‍ന്നവര്‍ ശ്രമിക്കണം. കുട്ടിക്ക് മതിയായ ഉറക്കം, ഭക്ഷണം, ശല്യമില്ലാത്ത അന്തരീക്ഷം, മതിയായ ശാരീരിക വ്യായാമം എന്നിവയുണ്ടെന്ന് ഉറപ്പാക്കണം .
സമയ നിഷ്ഠ
സമയനിഷ്ഠ പാലിക്കാന്‍ കുട്ടിയെ എപ്പോഴും രക്ഷിതാക്കള്‍ സഹായിക്കണം. നേരത്തേ ഉണരുന്നത് മുതല്‍ കൃത്യസമയത്ത് ഭക്ഷണമുള്‍പ്പടെ ലഭ്യമാക്കുന്നതില്‍ വരെ കൃത്യത പാലിക്കുക. വിദ്യാര്‍ഥിയുടെ പഠിക്കാനുള്ള സമയം പാഴാക്കുന്ന നടപടികള്‍ മാതാപിതാക്കളുള്‍പ്പടെയുള്ളവര്‍ സ്വീകരിക്കാതിരിക്കുകയും വേണം. പഠനസംബന്ധിയായി കുട്ടിക്കുള്ള താത്പര്യങ്ങള്‍ അറിഞ്ഞ് പെരുമാറുകയും ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യണം. പരീക്ഷയ്ക്ക് ഏറെ നാള് മുന്‍പ് തന്നെ തയ്യാറെടുപ്പുകള്‍ നടത്താന്‍ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും വേണം.
ഉറക്കവും വ്യായാമവും
ഉറക്കമോ ഭക്ഷണമോ കളികളോ ഒന്നും വേണ്ടെന്നുവച്ച് മണിക്കൂറുകളോളം ചടഞ്ഞുകൂടിയിരുന്ന് പഠിക്കുന്ന രീതി ഉചിതമല്ല. മതിയായ ഉറക്കം വിദ്യാര്ഥിക്കുണ്ടെന്ന് ഉറപ്പുവരുത്തണം. കൃത്യസമയത്ത് മതിയായ അളവില്‍ ഭക്ഷണം ലഭ്യമാക്കണം. പഠനത്തിന് ഇടയ്ക്ക്, ഇടവേളയെടുത്ത് മനസ്സ് ശാന്തമാക്കുന്ന കാര്യങ്ങളില്‍ കുട്ടി ഏര്‍പ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അല്‍പ്പനേരം കുട്ടി ശാരീരികക്ഷമത ഉപയോഗപ്പെടുത്തുന്ന കളികളില്‍ ഏര്‍പ്പെടുന്നതായും ഉറപ്പുവരുത്തണം. അത് വിദ്യാര്‍ഥിയുടെ സമ്മര്‍ദം കുറയ്ക്കും.
പരീക്ഷ ജീവിതാവസാനമല്ല
ഒരു പരീക്ഷയിലെ തോല്‍വിയോ മാര്‍ക്ക് കുറയലോ ജീവിതാവസാനമോ ലോകാവസാനമോ അല്ലെന്ന് കടുത്ത സമ്മര്‍ദ സാഹചര്യങ്ങളില്‍ കുട്ടിയെ ബോധ്യപ്പെടുത്തണം. അമിത പ്രതീക്ഷയും സമ്മര്‍ദവും കുട്ടികളില്‍ ചെലുത്തുന്നതിന് പകരം തുറന്ന് സംസാരിച്ച് നല്ല രീതിയില്‍ പഠനത്തിനുള്ള പ്രോത്സാഹനം നല്‍കണം. ശാസന കുറയ്ക്കുകയും സൗമ്യമായി കുട്ടിയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും വേണം. വിദ്യാര്‍ഥിയുടെ ആശങ്കകള്‍ തുറന്നുപറയാന്‍ അവസരം നല്‍കുകയും അതിനുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കുകയും ചെയ്യാം. മാതാപിതാക്കളുടെ നിയന്ത്രണത്തിന് പുറത്തുള്ള കാര്യങ്ങളാണെങ്കില്‍ കൗണ്‍സിലര്‍മാരുടെ സഹായം ലഭ്യമാക്കുകയും വേണം.