സ്വർണ്ണ കള്ളക്കടത്ത് കേസിൽ ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായതിനുശേഷം കസ്റ്റഡിയിലുള്ള കന്നഡ നടി രന്യ റാവുവിന്റെ ചിത്രം ആദ്യമായി പുറത്തുവിട്ട് പ്രമുഖ ദേശീയ മാധ്യമം. തിങ്കളാഴ്ച രാത്രി ദുബായിൽ നിന്ന് എത്തിയപ്പോൾ ആണ് എയർപോർട്ടിൽ വെച്ചു 12 കോടി രൂപ വിലമതിക്കുന്ന 14.8 കിലോഗ്രാം സ്വർണ്ണവുമായി നടി പിടിയിലായത്.
റാവു ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും, സാമ്പത്തിക കുറ്റകൃത്യ കോടതി അവരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു. വാദം കേൾക്കുന്നതിനിടെ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) യുടെ അഭിഭാഷകൻ വാദിച്ചത് അവർ പ്രോട്ടോക്കോളുകൾ എങ്ങനെ ലംഘിച്ചുവെന്നും കള്ളക്കടത്ത് പ്രവർത്തനം എങ്ങനെയാണ് നടത്തിയതെന്നും അന്വേഷിക്കാൻ കൂടുതൽ കസ്റ്റഡി ദിനങ്ങൾ ആവശ്യമാണെന്നാണ്.
ഈ വർഷം 27 തവണയാണ് രന്യ റാവു ദുബായിലേക്ക് യാത്ര ചെയ്തത്. ഓരോ യാത്രയിലും ഒരു കിലോഗ്രാമിന് ഒരു ലക്ഷം എന്ന രീതിയിലാണ് നടിക്ക് പ്രതിഫലം എന്നും റിപ്പോർട്ടുകൾ പറയുന്നു.നടിയുടെ പക്കലുള്ള ലാപ്ടോപ്പ് ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്നും, ഇതിലൂടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രധാന ഡിജിറ്റൽ തെളിവുകൾ ലഭിക്കാൻ സാധ്യത ഉണ്ടെന്നും ആണ് റിപ്പോർട്ട്.
കേസ് രാജ്യത്തുടനീളം വലിയ രീതിയിൽ വ്യാപകമാകുന്നതിനാൽ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയുമെന്നാണ് പ്രതീക്ഷ.
ദുബായിലേക്കുള്ള പതിവ് യാത്രകൾ കാരണം കുറച്ചു കാലമായി രന്യ റാവു അധികൃതരുടെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങൾ നീക്കാൻ പോകുന്നതിനിടെയാണ് ഡിആർഐ ഉദ്യോഗസ്ഥർ അവരെ അറസ്റ്റ് ചെയ്തത്.
എന്നാൽ തടഞ്ഞുനിർത്തിയപ്പോൾ, കർണാടക സ്റ്റേറ്റ് പോലീസ് ഹൗസിംഗ് കോർപ്പറേഷൻ (ഡിജിപി) ആയി നിയമിതനായ ഐപിഎസ് ഓഫീസർ രാമചന്ദ്ര റാവുവിന്റെ മകളാണെന്ന് രന്യ പറഞ്ഞു . അതേസമയം മുൻകൂട്ടി ലഭിച്ച രഹസ്യാന്വേഷണ വിവരത്തെത്തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥർ നടിയെ പരിശോധിക്കുകയും സ്വർണ്ണം കണ്ടെടുക്കുകയുമായിരുന്നു.
മകളുടെ അറസ്റ്റിൽ ഞെട്ടി രാമചന്ദ്ര റാവു
“ഇത്തരമൊരു സംഭവം മാധ്യമങ്ങളിലൂടെ എന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഞാൻ ആകെ ഞെട്ടിപ്പോയി, തകർന്നുപോയി. എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു, മറ്റേതൊരു അച്ഛനെയും പോലെ ഞാനും നിരാശനായിപ്പോയി. അവൾ ഞങ്ങളോടൊപ്പം താമസിക്കുന്നില്ല, ഭർത്താവിനൊപ്പം വേർപിരിഞ്ഞാണ് താമസിക്കുന്നത്, ചില കുടുംബ പ്രശ്നങ്ങൾ കാരണം അവർക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ട് . എന്തായാലും, നിയമം അതിന്റെ ജോലി ചെയ്യട്ടെ, എന്റെ കരിയറിൽ ഇതുവരെ ഒരു ബ്ലാക്ക് മാർക്കും ഇല്ല. കൂടുതലൊന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു
The post മേക്കപ്പ് ഇല്ലാതെ, തളർന്ന മുഖം; സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റഡിയിലുള്ള നടി രന്യ റാവുവിന്റെ ആദ്യ ഫോട്ടോ പുറത്ത് appeared first on Malayalam Express.