കൊച്ചി: ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സില്‍ മലയാളി താരങ്ങള്‍ക്ക് വെങ്കല തിളിക്കം. ഹൈജംപില്‍ ബി. ഭരത്രാജ് മൂന്നാം സ്ഥാന പ്രകടനം കാഴ്‌ച്ചവച്ചു. 110 മീറ്റര്‍ പുരുഷ ഹര്‍ഡില്‍സില്‍ മുഹമ്മദ് ലാസന്‍ മൂന്നാമതായി ഫിനിഷ് ചെയ്തു. വനിതകളുടെ 400 മീറ്ററില്‍ കെ സ്നേഹ ആണ് വെങ്കലം നേടിയത്. ഇതേ ഇനത്തിന്റെ പുരുഷന്മാരുടെ മത്സരത്തില്‍ ടി എസ് മനുവും വെങ്കലം നേടി. ലോങ് ജംപില്‍ മുഹമ്മദ് അനീസ് യഹിയയും മൂന്നാം സ്ഥാനം സ്വന്തമാക്കിയാണ് മത്സരം അവസാനിപ്പിച്ചത്.
ഹൈജംില്‍ ഭരത്രാജ് 2.14 മീറ്ററാണ് വെങ്കലനേട്ടത്തിനായി മറികടന്നത്. പത്തനംതിട്ട എടപ്പാവൂര്‍ സ്വദേശിയാണ്. ഒളിംപ്യന്‍ സര്‍വേഷ് അനില്‍ കുഷാരെയാണ് ഈ ഇനത്തിലെ ജേതാവ്.
110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെഎസ്ഡബ്ല്യുതാരവും മലയാളിയുമായ മുഹമ്മദ് ലാസന്‍ 14.17 സെക്കന്‍ഡിലാണ് ലക്ഷ്യത്തിലെത്തിയത്. കോഴിക്കോട് കുതിരവട്ടം സ്വദേശിയാണ്. മഹാരാഷ്‌ട്രയുടെ തേജസ് അശോക് ഷിര്‍സെയ്‌ക്കാണ് സ്വര്‍ണം. 13.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. ഏഷ്യന്‍ അത്ലറ്റിക്സ് യോഗ്യതയും നേടി.
400 മീറ്ററില്‍ മീഞ്ചന്തസ്വദേശിനി സ്നേഹയുടെ സമയം 53.00 സെക്കന്‍ഡ്. ഉത്തര്‍പ്രേദേശിന്റെ രുപാലിനാണ് സ്വര്‍ണം. ഈ ഇനത്തില്‍ ആറ് താരങ്ങള്‍ ഏഷ്യന്‍ യോഗ്യത സമയം മറികടന്നു. പുരുഷന്മാരില്‍ ടി എസ് മനു മൂന്നാമനായി ഫിനിഷ് ചെയ്തത് 46.39 സെക്കന്‍ഡില്‍. വയനാട് മീനങ്ങാടി സ്വദേശിയാണ്. ടി കെ വിശാലാ ഈ ഇനത്തില്‍ ജേതാവായത് (46.19).
ലോങ്ജംപില്‍ മുഹമ്മദ് അനസ് യഹിയ ചാടിയത് 7.70 മീറ്റര്‍. റിലയന്‍സിനായാണ് ഇറങ്ങിയത്. വനിതകളില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സൂപ്പര്‍താരം ജ്യോതി യാരാജി ഏഷ്യന്‍ അത്ലറ്റിക്സ് യോഗ്യത മറികടക്കും പ്രകടനത്തോടെ 13.23 സെക്കന്‍ഡില്‍ ഒന്നാമതായി.
ഡിസ്‌കസ്ത്രോയില്‍ ജെഎസ്ഡബ്ല്യു താരമായ സീമ( 57.17മീറ്റര്‍), പുരുഷന്മാരില്‍ ഹരിയാനയുടെ നിര്‍ഭയ് സിങ് (58.13മീറ്റര്‍) ഹെപ്റ്റാത്തലണ്‍ വനിതകളില്‍ തെലുങ്കാനയുടെ അഗസാറ നന്ദിനിയും പൊന്‍ നേട്ടം കൊയ്തു.